Thu, 6 August 2026
Kerala

മഴ മുന്നറിയിപ്പില്‍ മാറ്റം, 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും, രണ്ടിടത്ത് യെല്ലോ അലർട്ട്, നാല് ഡാമുകളില്‍ റെഡ് അലര്‍ട്ട്

Newtalks Desk

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. മഴ കനക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്ത് ജില്ലയില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, മലപ്പുറം, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

നിലവില്‍ സംസ്ഥാനത്തെ നാല് ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകളിലാണ് റെഡ് അലര്‍ട്ട്. കക്കയം, കുറ്റ്യാടി ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും മൂഴിയാറില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ നീരൊഴുക്ക് ശക്തമായിരിക്കുകയാണ്. ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്തെ മഴക്കെടുതില്‍ വ്യത്യസ്ത സംഭവങ്ങളിൽ ഇന്ന് നാല് പേർക്ക് കൂടി ജീവൻ നഷ്ടമായി. കണ്ണൂർ കൂത്തുപറമ്പ് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈതേരി ഇടത്തിൽ രാരിഷ് ആണ് മരിച്ചത്. കാപ്പാട് വെള്ളക്കെട്ടിൽ വീണ രണ്ടുവയസ്സുകാരൻ മരിച്ചു. വലിയാണ്ടി സ്വദേശി നൗഷാദിന്റെ മകൻ മാസിൻ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ കാണാതായ മത്സ്യത്തൊഴിലാളികളിൽ രണ്ടു പേരുടെ മൃതദേഹം കിട്ടി. അഞ്ച്തെങ്ങ് സ്വദേശി ഫ്രീമോന്റെയും വിഴിഞ്ഞം സ്വദേശി ആന്റണിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.

കൊല്ലത്തും കണ്ണൂരിലും തിരുവനന്തപുരത്തും രണ്ട് പേരെ വീതം കടലിൽ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുന്നു. പ്രളയക്കെടുതി ഏറ്റവും രൂക്ഷമായ പത്തനംതിട്ട റാന്നിയിൽ വെള്ളം ഇറങ്ങിയെങ്കിലും ആറന്മുള ഇപ്പോഴും വെള്ളത്തിലാണ്. അപ്പർ കുട്ടനാടും വെള്ളക്കെട്ടിൽ തുടരുന്നു. വിവിധ മഴ അപകടങ്ങളിൽ സംസ്ഥാനത്ത് പരിക്കേറ്റ് ചികിത്സയിലുള്ളത് 13 പേർ ആണ്. 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്ന് എന്നാണ് സർക്കാർ കണക്ക്. 209 ക്യാമ്പുകളിലായി 5792 പേരെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.


Leave a Reply

Your email address will not be published. Required fields are marked *