Tue, 28 July 2026
Kerala

കുറ്റിപ്പുറത്ത്  ബസ് അപകടം: ബസ് തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു, 3 പേരുടെ നില ഗുരുതരം

Newtalks Desk

മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള ദേശീയപാതയില്‍ നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തല കീഴായി മറിഞ്ഞു. മൂന്നുപേരുടെ നില അതീവ ഗുരുതര‌മാണെന്നും പറയുന്നു. കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചു. നാട്ടുകാരും രക്ഷാപ്രവർത്തകരും യാത്രക്കാരെ പുറത്തെത്തിച്ചു. തൃശൂർ-കോഴിക്കോട് ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിന്റെ ആഘാതത്തിൽ നടുഭാഗം രണ്ടായി പിളർന്ന ബസ് വെട്ടിപ്പൊളിച്ചാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് യാത്രക്കാരെ പുറത്തെടുത്തത്. ​അപകടസമയത്ത് ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസ്സിന്റെ അമിതവേഗതയാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. മേഖലയിൽ പെയ്ത മഴ കാരണം റോഡ് നനഞ്ഞു കിടന്നിരുന്നതും, അമിതവേഗത്തിൽ വന്ന വാഹനം പെട്ടെന്ന് നിയന്ത്രിക്കാൻ സാധിക്കാതെ ഡിവൈഡറിലേക്ക് ഇടിച്ചുകയറാൻ കാരണമായിട്ടുണ്ടാകാമെന്നും നാട്ടുകാർ പറയുന്നു. ഡിവൈഡറിലിടിച്ച ശേഷം ബസ് അരികിലുണ്ടായിരുന്ന കാറിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു.

​അപകടം നടന്നയുടൻ ഫയർഫോഴ്സും പൊലീസും പ്രാദേശികവാസികളും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ ബസ്സിന്റെ ഭാഗങ്ങൾ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

​പരിക്കേറ്റവരെ ഉടനടി വളാഞ്ചേരിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റവർക്കും അടിയന്തര വിദഗ്ധ ചികിത്സ ആവശ്യമായവർക്കും കോട്ടക്കലിലെ ആശുപത്രിയിലാണ് ചികിത്സ നൽകിവരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


Leave a Reply

Your email address will not be published. Required fields are marked *