Tue, 28 July 2026
Kerala

അക്ഷരവെളിച്ചം പകരാൻ എത്തിയവർ ലഹരിവലയിൽ; വടകരയിൽ അധ്യാപിക അറസ്റ്റിൽ, ഞെട്ടലോടെ നാട്

Newtalks Desk

കോഴിക്കോട്: സംസ്ഥാനത്ത് അധ്യാപികമാരെ ഇടനിലക്കാരാക്കി നടത്തുന്ന ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. വടകരയിൽ നടന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയ്ക്കിടെ ഒരു അധ്യാപിക കൂടി പൊലീസിന്റെ പിടിയിലായി. പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

​മയക്കുമരുന്ന് വാങ്ങുന്നവർ കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണമിടപാടുകൾ നടത്തിയിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ലഹരി ശൃംഖലയുമായി ബന്ധപ്പെട്ട് മുൻപും അധ്യാപികമാർ പിടിയിലായിട്ടുണ്ട്. പേരാമ്പ്ര ബി.ആർ.സിയിലെ തന്നെ മറ്റൊരു അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. കീർത്തനയെ മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

കേരളത്തിലെ വിദ്യാലയങ്ങളും കോളേജുകളും കേന്ദ്രീകരിച്ച് വളരുന്ന മയക്കുമരുന്ന് മാഫിയയെയും സിന്തറ്റിക് ലഹരി ശൃംഖലകളെയും വേരോടെ പിഴുതെറിയാൻ കേരള പോലീസും എക്സൈസ് വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന വിപുലമായ ലഹരിവിരുദ്ധ പരിശോധനാ പദ്ധതിയാണ് ‘ഓപ്പറേഷൻ തൂഫാൻ’. വൻതോതിൽ പ്രചരിക്കുന്ന MDMA, ഹാഷിഷ് ഓയിൽ, കഞ്ചാവ് തുടങ്ങിയ വീര്യമേറിയ ലഹരിമരുന്നുകളുടെ വിതരണം തടയുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടനിലക്കാരെയും ഫിനാൻഷ്യൽ ഏജന്റുമാരെയും പിടികൂടുക, അന്തർസംസ്ഥാന ലഹരി ശൃംഖല തകർക്കുക എന്നിവയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ജില്ലാ ആന്റി-നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ (DANSAF) നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ടൂറിസ്റ്റ് ബസുകൾ, ഹോസ്റ്റലുകൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ എന്നിവിടങ്ങളിൽ മിന്നൽ പരിശോധനകൾ നടന്നുവരുന്നു. കൂടാതെ സംശയാസ്പദമായ ബാങ്ക് അക്കൗണ്ട് പണമിടപാടുകളും ഫോൺ സന്ദേശങ്ങളും പോലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ലഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് 9497979794, 9497927797 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിലോ 9995966666 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലോ വിളിച്ച് പൂർണ്ണമായും രഹസ്യമായി കൈമാറാവുന്നതാണ്.


Leave a Reply

Your email address will not be published. Required fields are marked *