Tue, 28 July 2026
Sports

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ദാരുണ അന്ത്യം; ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ഹീറോ ജെയ്ഡൻ ആഡംസ് ഓർമ്മയായി, വയസ്സ് 25, ഈ ലോകക്കപ്പിലും കളിച്ചിരുന്നു

Newtalks Desk

ദക്ഷിണാഫ്രിക്കൻ ദേശീയ ഫുട്ബോൾ ടീമിന്റെയും പ്രമുഖ പ്രാദേശിക ക്ലബ്ബായ മാമെലോഡി സൺഡൗൺസിന്റെയും മിഡ്ഫീൽഡറായ ജെയ്ഡൻ ആഡംസ് (25) അന്തരിച്ചു. 2026 ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിനായി താരം ബൂട്ട് കെട്ടി ആഴ്ചകൾ മാത്രം പിന്നിടുമ്പോഴാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഈ അപ്രതീക്ഷിത വിയോഗം സംഭവിച്ചിരിക്കുന്നത്. കേപ് ടൗണിലെ വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ അധികൃതരോ കുടുംബമോ പുറത്തുവിട്ടിട്ടില്ല.

​ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ ചരിത്രപരമായ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ് ആഡംസ്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും അദ്ദേഹം ടീമിനായി കളത്തിലിറങ്ങിയിരുന്നു. ടൂർണമെന്റിന് ശേഷം ക്ലബ്ബ് അനുവദിച്ച പ്രത്യേക അവധിയിലായിരുന്ന താരം, ശനിയാഴ്ച യൂറോപ്പിൽ നടക്കുന്ന പ്രീ-സീസൺ പരിശീലനത്തിനായി ക്ലബ്ബിനൊപ്പം ചേരാൻ തയാറെടുക്കുന്നതിനിടെയാണ് ദാരുണമായ മരണം സംഭവിച്ചത്.

​ദക്ഷിണാഫ്രിക്കൻ ഫുട്ബോളിലെ ഏറ്റവും തിളക്കമാർന്ന യുവപ്രതിഭകളിൽ ഒരാളെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് കായിക മന്ത്രി ഗെയ്റ്റൺ മക്കെൻസി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആഡംസിന്റെ വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിനും സഹതാരങ്ങൾക്കും രാജ്യത്തെ ദശലക്ഷക്കണക്കിന് ആരാധകർക്കും താങ്ങാനാവാത്ത നഷ്ടമാണെന്ന് സൗത്ത് ആഫ്രിക്കൻ ഫുട്ബോൾ പ്ലേയേഴ്സ് യൂണിയൻ വ്യക്തമാക്കി.

സ്റ്റെല്ലൻബോഷ് എഫ്സിയിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച ആഡംസ്, പിന്നീട് മാമെലോഡി സൺഡൗൺസിലേക്ക് മാറുകയും ടീമിനൊപ്പം പ്രീമിയർഷിപ്പ് കിരീടവും സിഎഎഫ് ചാമ്പ്യൻസ് ലീഗ് കിരീടവും നേടുകയും ചെയ്തു. കൂടാതെ, 2024 ലെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ വെങ്കല മെഡൽ നേടിയ ദക്ഷിണാഫ്രിക്കൻ ടീമിലും ഈ യുവ മിഡ്ഫീൽഡർ അംഗമായിരുന്നു. താരത്തിന്റെ പെട്ടെന്നുള്ള വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ലോകമെമ്പാടുമുള്ള ഫുട്ബോൾ ക്ലബ്ബുകളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *