ഡല്‍ഹി എസ്‌ഐആര്‍; 47.7 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക നവംബർ 4-ന്
ന്യൂഡൽഹി: ഡൽഹിയിൽ നടപ്പിലാക്കിയ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (സെപെഷ്യൽ ഇന്റൻസീവ് റിവിഷൻ – SIR) ഒടുവിൽ തയ്യാറാക്കിയ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. ഡൽഹിയിലെ ആകെ 1.45 കോടിയോളം വരുന്ന വോട്ടർമാരിൽ 47.7 ലക്ഷത്തോളം ആളുകൾ കരട് പട്ടികയിൽ നിന്ന് പുറത്തായെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ആകെ വോട്ടർമാരുടെ 32.8 ശതമാനത്തോളം വരുന്ന വൻ സംഖ്യയാണിത്. ഓഗസ്റ്റ് 17-ഓടെ പൂർത്തിയായ വീടുതോറുമുള്ള വിവരശേഖരണത്തിൽ ഫോമുകൾ സമർപ്പിക്കുകയും ഡിജിറ്റൈസ് ചെയ്യപ്പെടുകയും ചെയ്ത 97.5 ലക്ഷത്തോളം (67.18%) പേരുടെ വിവരങ്ങൾ മാത്രമാണ് നിലവിലെ കരട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പട്ടികയിൽ നിന്ന് പുറത്തായ 47.7 ലക്ഷം പേരെ ‘ശേഖരിക്കാൻ സാധിക്കാത്തവർ’ (Uncollectable) എന്ന വിഭാഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തരംതിരിച്ചിരിക്കുന്നത്. താമസസ്ഥലത്ത് ഇല്ലാത്തവർ (Absent), വിലാസം മാറിയവർ (Shifted), മരിച്ചവർ (Dead), വ്യാജ അല്ലെങ്കിൽ ഇരട്ട വോട്ടർമാർ (Duplicate) തുടങ്ങി ‘എ.എസ്.ഡി.ഡി.ഒ’ (ASDDO) വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയാണ് ഇവരുടെ പേരുകൾ കരട് പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. എന്നാൽ, കരട് പട്ടികയിൽ ഉൾപ്പെടാതെ പോയ യോഗ്യരായ വോട്ടർമാർക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും, പേരുകൾ വീണ്ടും ഉൾപ്പെടുത്തുന്നതിനായി അവകാശവാദങ്ങളും എതിർപ്പുകളും ഉന്നയിക്കാൻ സെപ്റ്റംബർ 30 വരെ സമയമുണ്ടെന്നും ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർ (CEO) അറിയിച്ചു. പൗരന്മാർക്ക് ഫോം-6 നൽകാവുന്നതാണ്.
കരട് പട്ടിക പ്രസിദ്ധീകരിച്ചതോടെ, ഉൾപ്പെട്ടിട്ടുള്ള വോട്ടർമാരുടെ വിവരങ്ങളിൽ കൂടുതൽ സൂക്ഷ്മ പരിശോധന നടക്കുമെന്നും അധികൃതർ വ്യക്തമാക്കി. 2002-ലെ തീവ്ര പരിഷ്കരണ പട്ടികയുമായി വിവരങ്ങൾ ഒത്തുനോക്കാൻ സാധിക്കാത്തവർക്കും, സമർപ്പിച്ച ഫോമുകളിൽ ക്രമക്കേടുകളോ വൈരുദ്ധ്യങ്ങളോ കണ്ടെത്തിയവർക്കും വരും ദിവസങ്ങളിൽ നോട്ടീസ് അയക്കും. വോട്ടറുടെയും മാതാപിതാക്കളുടെയും പ്രായപരിധിയിലെ യുക്തിസഹമല്ലാത്ത വ്യത്യാസങ്ങൾ (15 വയസ്സിൽ കുറവോ 50 വയസ്സിൽ കൂടുതലോ ഉള്ള വ്യത്യാസം), സഹോദരങ്ങളുടെ ജനനത്തീയതിയിലെ ക്രമക്കേടുകൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുക. കൂടാതെ, വോട്ടവകാശത്തിനും പൗരത്വ തെളിവിനുമായി ആധാർ കാർഡ് മാത്രം മതിയാകില്ലെന്നും, ജനനത്തീയതിയുടെയും ജനനസ്ഥലത്തിന്റെയും മറ്റ് ഔദ്യോഗിക രേഖകൾ നിർബന്ധമായും ഹാജരാക്കേണ്ടി വരുമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഡൽഹിയിലെ വിവിധ മണ്ഡലങ്ങൾ പരിശോധിക്കുമ്പോൾ കരട് പട്ടികയിലെ വിവരശേഖരണത്തിൽ വലിയ തരംതിരിവുകൾ ദൃശ്യമാണ്. നോർത്ത് വെസ്റ്റ് ഡൽഹിയിലെ രോഹിണി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ഫോമുകൾ ഡിജിറ്റൈസ് ചെയ്യപ്പെട്ടത് (83.43%). അതേസമയം തുഗ്ലക്കാബാദ് മണ്ഡലത്തിലാണ് ഏറ്റവും കുറവ് ഫോമുകൾ ഡിജിറ്റൈസ് ചെയ്തത് (52.15%). മുസ്ലിം ന്യൂനപക്ഷങ്ങൾ കൂടുതലായി അധിവസിക്കുന്ന മണ്ഡലങ്ങളായ ഓഖ്‌ല, ചാന്ദ്‌നി ചൗക്ക്, ബല്ലിമാരൻ, മുസ്തഫാബാദ് തുടങ്ങിയ ഇടങ്ങളിലും വലിയ തോതിൽ വോട്ടർമാർ കരട് പട്ടികയ്ക്ക് പുറത്തായിട്ടുണ്ട്. ഒഖ്‌ല മണ്ഡലത്തിൽ ആകെ ഫോമുകളിൽ 45.32 ശതമാനവും ‘ശേഖരിക്കാൻ സാധിക്കാത്തവ’ എന്ന വിഭാഗത്തിലാണ് പെട്ടിരിക്കുന്നത്.
അതേസമയം, വോട്ടർമാരുടെ സൗകര്യം കണക്കിലെടുത്ത് പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിൽ കമ്മീഷൻ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു പോളിംഗ് സ്റ്റേഷനിലെ പരമാവധി വോട്ടർമാരുടെ എണ്ണം 1,500-ൽ നിന്ന് 1,200 ആയി കുറച്ചതോടെ ഡൽഹിയിലെ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 13,033-ൽ നിന്ന് 14,947 ആയി ഉയർന്നു. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളും അവകാശവാദങ്ങളും പരിശോധിച്ച ശേഷം നോട്ടീസുകളിൽ തീർപ്പുകൽപ്പിക്കുന്ന പ്രക്രിയ ഒക്ടോബർ 29-ഓടെ പൂർത്തിയാകും. തുടർന്ന് നവംബർ 4-നാണ് ഡൽഹിയിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.



