ഡ്രൈവിംഗ് ലൈസൻസിനും വാഹന സേവനങ്ങള്‍ക്കും ഇനി ഏജന്റുമാര്‍ വേണ്ട; വൻ മാറ്റവുമായി എംവിഡി
മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സേവനങ്ങള്‍ സെപ്റ്റംബർ 21 മുതല്‍ ആധാർ ഒ.ടി.പി അധിഷ്ഠിത പൂർണ്ണ ഫേസ്ലെസ്സ് സംവിധാനത്തിലേക്ക് മാറാനൊരുങ്ങുന്നു.
വാഹൻ, സാരഥി പോർട്ടലുകളിലെ സേവനങ്ങളില്‍ ഏജന്റുമാരുടെ ഇടപെടൽ തടയുകയും അപേക്ഷകള്‍ ‘ഫസ്റ്റ് കം ഫസ്റ്റ് സർവ്’ അടിസ്ഥാനത്തില്‍ വേഗത്തില്‍ തീർപ്പാക്കുകയും ചെയ്യുന്നതാണ് പുതിയ പദ്ധതി. ‘നമ്മുടെ കേരളം’ പോർട്ടലും Vmeet സംവിധാനവും വഴി വാഹന പരിശോധന, വ്യക്തിഗത വാദം കേള്‍ക്കല്‍ എന്നിവയ്ക്ക് സ്ലോട്ടുകള്‍ ഓണ്‍ലൈനായി നേരിട്ട് ബുക്ക് ചെയ്യാനാവും.
ഇടനിലക്കാരുടെയും ഏജന്റുമാരുടെയും ചൂഷണം പൂർണ്ണമായും തടയാനാണ് മോട്ടോർ വാഹന വകുപ്പിൻ്റെ പുതിയ നീക്കം. സെപ്റ്റംബർ 21 മുതല്‍ വകുപ്പിന്റെ 60 പരിവാഹൻ സേവനങ്ങള്‍ പൂർണ്ണമായും ആധാർ ഒ.ടി.പി (OTP) അധിഷ്ഠിത ഫേസ്ലെസ്സ് സേവനങ്ങളാക്കി മാറ്റും.
നിലവില്‍ വാഹൻ, സാരഥി പോർട്ടലുകള്‍ വഴി നല്കുന്ന 60 സേവനങ്ങളില്‍ 21 എണ്ണം മാത്രമാണ് ഫേസ്ലെസ്സ് പ്രവർത്തിക്കുന്നത്. കൃത്യമായ ഒ.ടി.പി പരിശോധനയില്ലാത്ത ശേഷിക്കുന്ന സേവനങ്ങള്‍ക്ക് അപേക്ഷകരില്‍ നിന്ന് ഏജന്റുമാർ അമിത തുക ഈടാക്കുകയും, അപൂർണ്ണമായ രേഖകള്‍ സമർപ്പിച്ച് അപേക്ഷകള്‍ ബോധപൂർവ്വം വൈകിപ്പിക്കുകയും ചെയ്യുന്നതായി നേരത്തേ പരാതികള്‍ ഉയർന്നിരുന്നു. ഇതിന് പരിഹാരമായാണ് നാഷണല്‍ ഇൻഫോർമാറ്റിക്സ് സെന്റർ (NIC), കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം (MoRTH) എന്നിവയുടെ സഹകരണത്തോടെ പുതിയ മാറ്റം കൊണ്ടുവരുന്നത്.
അപേക്ഷകർ ശ്രദ്ധിക്കേണ്ട പ്രധാന നടപടിക്രമങ്ങള്‍
സാങ്കേതിക സഹായം ആവശ്യമുള്ളവർക്കോ സ്വന്തമായി അപേക്ഷിക്കാൻ സാധിക്കാത്തവർക്കോ അക്ഷയ കേന്ദ്രങ്ങള്‍, സി.എസ്.സി (CSC) കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ ആർ.ടി. ഓഫീസുകള്‍ എന്നിവയെ സന്ദർശിച്ച് സഹായം തേടാം. ഓണ്‍ലൈൻ അപേക്ഷകളുടെ പ്രിന്റ് ഔട്ടുകള്‍ ഓഫീസുകളില്‍ നേരിട്ട് നല്‍കേണ്ടതില്ല. എന്നാല്‍ ആധാർ ഒ.ടി.പി പരിശോധന പരാജയപ്പെടുന്ന സാഹചര്യത്തില്‍ മാത്രം അപേക്ഷകന് ആധികാരികത ഉറപ്പുവരുത്താൻ ഒരു തവണ ആർ.ടി. ഓഫീസില്‍ നേരിട്ട് പോകേണ്ടി വന്നേക്കാം.
ലേണേഴ്സ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ്, ഹെവി വെഹിക്കിള്‍ ബാഡ്ജ്, കണ്ടക്ടർ ലൈസൻസ് ടെസ്റ്റുകള്‍ക്കുള്ള അപേക്ഷകർ സാരഥി പോർട്ടല്‍ വഴി സ്ലോട്ടുകള്‍ ബുക്ക് ചെയ്യണം. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനക്ക് വാഹൻ പോർട്ടല്‍ വഴിയാണ് ബുക്ക് ചെയ്യേണ്ടത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്വയംകൃത വാഹന പരിശോധനാ കേന്ദ്രങ്ങള്‍ (Automated Vehicle Testing Stations – ATS) ഉടൻ വുന്നക്കും. ഇതില്‍ കൊല്ലം, ആലപ്പുഴ ജില്ലകളിലായി 3 കേന്ദ്രങ്ങള്‍ ഇതിനോടകം പ്രവർത്തനസജ്ജമായിട്ടുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.



