പ്രളയജലം എത്തുന്നതിന് 10 മിനിറ്റ് മുൻപ് രക്ഷാപ്രവർത്തനം: 900 വിദ്യാർത്ഥികളുടെ ജീവൻ രക്ഷിച്ച് നേപ്പാളിലെ ഹെഡ്മാസ്റ്ററുടെ സമയോചിത ഇടപെടൽ
കാഠ്മണ്ഡു: നേപ്പാളിൽ കനത്ത നാശം വിതച്ച് മുന്നേറുന്ന പ്രളയത്തിനും മിന്നൽപ്രളയത്തിനുമിടയിൽ 900 കുട്ടികളുടെ ജീവൻ രക്ഷിച്ച പ്രധാനാധ്യാപകന്റെ സമയോചിത ഇടപെടൽ ശ്രദ്ധ നേടുന്നു. നുവാകോട്ട് ജില്ലയിലെ തൃഭുവൻ ത്രിശൂലി സെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്ററായ രാജേന്ദ്ര ദവാഡിയാണ് ഒട്ടും സമയം കളയാതെ എടുത്ത ധീരമായ തീരുമാനത്തിലൂടെ തന്റെ സ്കൂളിലെ 900-ഓളം വരുന്ന വിദ്യാർത്ഥികളെ മരണമുഖത്തുനിന്ന് സുരക്ഷിതമായി കരകയറ്റിയത്. വെള്ളപ്പൊക്കത്തിന്റെ ഭീകരത വിതച്ച പ്രളയജലം സ്കൂൾ വളപ്പിലേക്ക് ഇരച്ചെത്തുന്നതിന് വെറും പത്ത് മിനിറ്റ് മുൻപാണ് അദ്ദേഹം സ്കൂളിലുണ്ടായിരുന്ന കുട്ടികളോട് സ്കൂൾ വിട്ട് ഉയർന്ന പ്രദേശങ്ങളിലേക്ക് ഓടി രക്ഷപ്പെടാൻ നിർദ്ദേശം നൽകിയത്.
രാവിലെ 09:10-ഓടെയാണ് പ്രദേശവാസികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പുഴയിൽ നിന്നുള്ള പ്രളയജലം പെട്ടെന്ന് ഉയരുന്നുണ്ടെന്ന മുന്നറിയിപ്പ് സന്ദേശങ്ങൾ രാജേന്ദ്ര ദവാഡിക്ക് ലഭിക്കുന്നത്. തൻ്റെ മകളെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഓടിയെത്തിയ ഒരു രക്ഷിതാവിന്റെ വാക്കുകൾ കേട്ടതോടെ അപകടത്തിന്റെ തീവ്രത ദവാഡി തിരിച്ചറിഞ്ഞു. കൃത്യമായ നിർദ്ദേശം നൽകാൻ വൈകുന്ന ഓരോ സെക്കൻഡും കുട്ടികളുടെ ജീവന് ഭീഷണിയാകുമെന്ന് ഉറപ്പായതോടെ, സഹപ്രവർത്തകരോട് സംസാരിക്കാൻ പോലും നിൽക്കാതെ അദ്ദേഹം ഉടനടി സ്കൂൾ ഒഴിപ്പിക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു. അതിവേഗത്തിൽ വന്ന സന്ദേശങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ പോലും ഒരു ദിവസത്തെ ക്ലാസ് നഷ്ടപ്പെടുക മാത്രമേയുള്ളൂ എന്നും കുട്ടികളുടെ ജീവനാണ് പ്രധാനം എന്നും അദ്ദേഹം ചിന്തിച്ചു.
സ്കൂളിൽ നിന്നും പുറപ്പെട്ട ബസുകൾ തിരിച്ചുവിളിച്ചും, കുട്ടികളോട് സ്കൂളിന് പിന്നിലെ കുന്നിൻ പ്രദേശത്തേക്ക് ഓടിക്കയറാൻ നിർദ്ദേശിച്ചും അധ്യാപകർ വേഗത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പതിനാറുകാരിയായ യൂനിഷ അമത്യ എന്ന വിദ്യാർത്ഥിനി അടക്കമുള്ളവർ തങ്ങൾ വെറും 10 സെക്കൻഡിന്റെ വ്യത്യാസത്തിലാണ് പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് വ്യക്തമാക്കുന്നു. പ്രളയമുന്നറിയിപ്പിന്റെ ഗുരുതരാവസ്ഥ തുടക്കത്തിൽ കുട്ടികൾക്ക് മനസ്സിലായിരുന്നില്ലെന്നും, ചിലർ ഗണിത ക്ലാസിലായിരുന്ന തങ്ങളുടെ സുഹൃത്തുക്കളെ കാത്തുനിന്നുവെന്നും എന്നാൽ അധ്യാപകർ കാര്യങ്ങൾ ബോധ്യപ്പെടുത്തി വേഗത്തിൽ ഉയർന്ന കുന്നിൻ മുകളിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ ഓർക്കുന്നു.
കുട്ടികൾ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിയതിന് പിന്നാലെ പ്രളയജലവും ചെളിയും ഇരച്ചെത്തി സ്കൂൾ കെട്ടിടങ്ങളെയും ഹോസ്റ്റലിനെയും പാടെ മുക്കി കളഞ്ഞു. പുഴയിൽ നിന്ന് 100 മീറ്റർ മാത്രം അകലെയുണ്ടായിരുന്ന ഹോസ്റ്റൽ ഭാഗം മിനിറ്റുകൾക്കകം മുങ്ങിപ്പോയിരുന്നു. കൃത്യസമയത്ത് എടുത്ത ആ ഒരു തീരുമാനമില്ലായിരുന്നെങ്കിൽ താന്റെയും വിദ്യാർത്ഥികളുടെയും ജീവൻ ഇന്ന് ബാക്കിയുണ്ടാകുമായിരുന്നില്ലെന്ന് രാജേന്ദ്ര ദവാഡി വേദനയോടെയും ആശ്വാസത്തോടെയും ഓർക്കുന്നു. നാശം വിതച്ച ദുരന്തത്തിലും ഒരു ജീവൻ പോലും നഷ്ടപ്പെടാതെ തൻ്റെ സ്കൂളിലെ കുട്ടികളെ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഈ അധ്യാപകൻ.



