ക്ഷേമ പെൻഷൻ; സഹകരണ ബാങ്കുകൾ വഴിയുള്ള വിതരണം നിർത്തി സർക്കാർ, നാഷണലൈസ് ബാങ്കുകളുടെ അക്കൌണ്ടുകൾ വഴി മാത്രം
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല . പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കി. പെൻഷൻ വിതരണം ബാങ്ക് മുഖേനെയാക്കാനാണ് സർക്കാർ തീരുമാനം. കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ ആകാത്ത ഗുണഭോക്താക്കൾക്കും മാത്രമായിരിക്കും ഇനി നേരിട്ട് വിതരണം. പല സൊസൈറ്റികളും തിരിച്ചടവ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് ഉത്തരവിൽ പറയുന്നുണ്ട്.
സഹകരണ സംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിലുള്ള ചിലവും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ കത്തും പരിശോധിച്ച ശേഷമാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നാഷണലൈസ് ബാങ്കുകളുടെ അക്കൌണ്ടുകൾ വഴി മാത്രമായിരിക്കും ഇനി മുതൽ പെൻഷൻ വിതരണം. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പെൻഷൻ വിതരണം പൂർണമായി സഹകരണ സ്ഥാപനങ്ങൾ വഴിയായിരുന്നു. സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാരാണ് നേരിട്ട് പെൻഷൻ വിതരണം ചെയ്തിരുന്നത്. ആ രീതിയാണ് സർക്കാർ എടുത്ത് മാറ്റിയിരിക്കുന്നത്.
വിതരണം ചെയ്യാതെ ശേഷിക്കുന്ന പെൻഷൻ തുകകൾ സമയബന്ധിതമായി സർക്കാരിന് തിരിച്ചടയ്ക്കുന്നതിലുള്ള കാലതാമസം, സേവന പോർട്ടലിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ യഥാസമയം നടത്തുന്നതിലെ വീഴ്ച, അതുവഴി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, ആധാർ അധിഷ്ഠിത പെൻഷൻ വിതരണം പൂർണമായി നടപ്പിലാക്കാത്തതിനാൽ അർഹതയില്ലാത്തവർക്കും ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയും പെൻഷൻ വിതരണം ചെയ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നത്, പെൻഷൻ വീടുകളിലെത്തി വിതരണം ചെയ്യുന്നതിനായി സഹകരണ സംഘങ്ങൾക്ക് ഇൻസെൻറീവ് ഇനത്തിൽ വരുന്ന ചെലവ്, വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന രീതി തുടരുന്നതിലൂടെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സംബന്ധിച്ച കേന്ദ്ര മന്ത്രാലയത്തിൻ്റെ നിർദേശങ്ങൾ പാലിക്കപ്പെടാത്തതിനാൽ കേന്ദ്ര സർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ സംസ്ഥാന സർക്കാരിന് നഷ്ടപ്പെടുന്ന സാഹചര്യം എന്നിവ പരിഗണിച്ചാണ് തീരുമാനം എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ സാധിക്കാത്ത ഗുണഭോക്താക്കൾക്കും ഒഴിച്ച് ബാക്കിയെല്ലാ ഗുണഭോക്താക്കൾക്കും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സിസ്റ്റം വഴിയുള്ള പെൻഷൻ വിതരണം നിർബന്ധമാക്കണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് നൽകിയ കത്ത് പരിഗണിച്ചാണ് തീരുമാനമെന്നും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് പൂർണ്ണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കൾ ഒഴികെയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും പെൻഷൻ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ആയി അവരവരുടെ ആധാർ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടുകൾ മുഖേന അനുവദിക്കുന്നത് തത്ത്വത്തിൽ അംഗീകരിച്ച് ഉത്തരവ് എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്



