കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ
തൃശ്ശൂർ: കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ. തുരങ്ക ഭാഗത്ത് രണ്ടിടങ്ങളിലായാണ് ചെറിയതോതിൽ മണ്ണിടിഞ്ഞിരിക്കുന്നത്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. പാലക്കാട്- തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാൻ തുരങ്കം. ഈ തുരങ്കത്തിൻ്റെ മുകൾ ഭാഗത്തായി രണ്ടിടത്താണ് മണ്ണിടിഞ്ഞത്. ഹൈവേ കൺട്രോൾ റൂമിലെ പട്രോളിങ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഇരട്ട തുരങ്കത്തിന്റെ പടിഞ്ഞാറേ തുരങ്കമുഖത്തിന് മുകളിലായി രണ്ടിടങ്ങളിലാണ് കുന്നിടിഞ്ഞ് മണ്ണും കല്ലും താഴേക്ക് പതിച്ചത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയുണ്ടായ മണ്ണിടിച്ചിൽ യാത്രക്കാരിലും പ്രദേശവാസികളിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നേരിയ തോതിൽ മാത്രമാണ് മണ്ണും പാറക്കഷ്ണങ്ങളും നിലവിൽ ഇടിഞ്ഞു വീണിട്ടുള്ളത്.
സംഭവമറിഞ്ഞ് ഹൈവേ പട്രോളിങ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കളക്ടർ സ്ഥലത്തെത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി. തുടർച്ചയായി മഴ പെയ്യുന്നതിനാൽ തുരങ്കത്തിന് മുകളിലെ മണ്ണും വൃക്ഷങ്ങളും ഇനിയും താഴേക്ക് പതിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇവിടെ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
തൃശ്ശൂർ കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് വിദഗ്ധ സമിതി പരിശോധന നടത്തുമെന്ന് കെ. രാജൻ എംഎൽഎ അറിയിച്ചു. പടിഞ്ഞാറൻ തുരങ്കമുഖത്തിന് മുകളിലായാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
കാലവർഷം ആരംഭിച്ച സമയത്തുതന്നെ പ്രദേശത്ത് നേരിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിലെ പ്രധാന ഭാഗമായതിനാൽ സംഭവം ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
തുരങ്കത്തിന് മുകളിലെ നീർച്ചാലുകൾക്ക് തടസ്സമുണ്ടോയെന്നും, കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടോയെന്നും വിദഗ്ധ സമിതി പരിശോധിക്കും. നിലവിൽ ഗതാഗതം നിയന്ത്രിക്കേണ്ട സാഹചര്യമില്ലെന്നും, പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.



