Tue, 28 July 2026
Kerala

“എന്റെ അച്ഛനെ മർദിച്ചത് സാറല്ലേ, പപ്പയ്ക്ക് വയ്യാന്ന് നൂറുവട്ടം സാറന്മാരോട് പറഞ്ഞിരുന്നതല്ലേ”; പൊലീസുകാരനുമായി മകൾ നടത്തിയ ഫോൺ സംഭാഷണം പുറത്ത്

Newtalks Desk

കൊല്ലം: കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെ സൊസൈറ്റിമുക്ക് സ്വദേശി സിയാദ് മരിച്ച സംഭവത്തിൽ കേസിന് പുതിയ തിരിവ് നൽകിക്കൊണ്ട് നിർണ്ണായക ഫോൺ സംഭാഷണം പുറത്തുവന്നു. സിയാദിന്റെ മരണശേഷം ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനുമായി മകൾ നടത്തിയ ഫോൺ സന്ദേശത്തിന്റെ ഓഡിയോ റെക്കോർഡാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പൊലീസിന്റെ ക്രൂരമായ മർദനത്തെ തുടർന്നാണ് സിയാദ് മരിച്ചതെന്ന കുടുംബത്തിന്റെ ആരോപണങ്ങൾക്ക് ശക്തമായ തെളിവ് നൽകുന്നതാണ് ഈ ഒന്നര മിനിറ്റ് മാത്രം ദൈർഘ്യമുള്ള സംഭാഷണം.

കസ്റ്റഡിയിലെടുക്കുമ്പോൾ സിയാദിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പൊലീസിനോട് ഒന്നിലധികം തവണ വ്യക്തമാക്കിയിരുന്നതായി മകൾ ഫോൺ സംഭാഷണത്തിൽ വിങ്ങിപ്പൊട്ടിക്കൊണ്ട് പറയുന്നു. “എന്റെ അച്ഛനെ മർദിച്ചത് സാറല്ലേ, പപ്പയ്ക്ക് വയ്യാന്ന് നൂറുവട്ടം സാറന്മാരോട് പറഞ്ഞിരുന്നതല്ലേ, സാറ് പപ്പയെ മർദിച്ചിരുന്നെന്ന് പപ്പ ഞങ്ങളോട് പറഞ്ഞിരുന്നു” എന്ന് മകൾ പൊലീസുകാരനോട് ചോദിക്കുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആരാണ് ഇടിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചിരുന്നെന്നും, മർദനമേറ്റ് നട്ടെല്ല് മുഴുവൻ പഴുത്ത നിലയിലായിരുന്നുവെന്നും മകൾ ആരോപിക്കുന്നുണ്ട്. പോലീസിന്റെ അതിക്രമത്തിന് വ്യക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് വ്യക്തമാക്കുന്ന മകൾ, കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇല്ലാതായതെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. എന്നാൽ പെൺകുട്ടിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ കുറ്റം നിഷേധിക്കുന്ന നിലപാടാണ് ഫോണിലുണ്ടായിരുന്ന പൊലീസുകാരൻ സ്വീകരിച്ചത്.

അയൽവാസിയായ പതിമൂന്നുകാരനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായാണ് സിയാദിനെ വീട്ടിൽ നിന്ന് പൊലീസ് കൊണ്ടുപോയത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയിലും കസ്റ്റഡിയിൽ വെച്ചും പൊലീസുകാർ സിയാദിനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. തനിക്ക് സ്റ്റേഷനിൽ വെച്ച് മർദനമേൽക്കുന്നുണ്ടെന്നും ഉടൻ എത്തുണമെന്നും കാണിച്ച് സിയാദ് ഭാര്യയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കുന്നു.

കസ്റ്റഡിയിലെ ക്രൂരത കാരണം ഗുരുതരാവസ്ഥയിലായ സിയാദിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസുകാരുടെ വിചാരണയും അതിക്രമവുമാണ് മരണത്തിന് കാരണമായതെന്ന നിലപാടിൽ കുടുംബം ഉറച്ചുനിൽക്കുകയാണ്. കസ്റ്റഡി മരണത്തിന്റെ യഥാർത്ഥ വിവരങ്ങളും വസ്തുതകളും പുറത്തുകൊണ്ടുവരുന്നതിനായി കുണ്ടറ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്നും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.


Leave a Reply

Your email address will not be published. Required fields are marked *