മന്ത്രിപദവിക്ക് 3 കോടി! കോൺഗ്രസ് എം.എൽ.എയെ പറ്റിക്കാൻ നോക്കിയ തട്ടിപ്പുകാരെ പൊക്കി പോലീസ്
കോഴിക്കോട്: പ്രിയങ്ക ഗാന്ധി എം.പിയുടെ ഡൽഹി ഓഫീസിന്റെ പേര് ദുരുപയോഗം ചെയ്ത് കോൺഗ്രസ് നേതാവും എലത്തൂർ എം.എൽ.എയുമായ വിദ്യാ ബാലകൃഷ്ണനിൽ നിന്ന് മൂന്ന് കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ നിർണ്ണായക വിജയം നേടി പോലീസ്. ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഉത്തർപ്രദേശ് – ഡൽഹി അതിർത്തിയിൽ നിന്ന് അറസ്റ്റ് ചെയ്തു.
സംസ്ഥാനത്ത് ഉടൻ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നും 3 കോടി രൂപ നൽകിയാൽ മന്ത്രിപദവി ഉറപ്പാക്കാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പുസംഘം എം.എൽ.എയെ ഫോണിൽ ബന്ധപ്പെട്ടത്. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാർ എന്ന് പരിചയപ്പെടുത്തിയാണ് വാട്സ്ആപ്പിലൂടെ കോൾ എത്തിയത്. വയനാട്ടിലെ എം.പി വഴിയാണ് ഫോൺ നമ്പർ ലഭിച്ചതെന്നും തട്ടിപ്പുകാർ അവകാശപ്പെട്ടിരുന്നു.
എന്നാൽ സംശയം തോന്നിയ എം.എൽ.എ പ്രിയങ്ക ഗാന്ധിയുടെ ഡൽഹി ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് ഇത്തരമൊരു കോൾ അവരുടെ ഭാഗത്തുനിന്ന് പോയിട്ടില്ലെന്നും തട്ടിപ്പ് ശ്രമമാണെന്നും സ്ഥിരീകരിച്ചത്. തുടർന്ന് കോൺഗ്രസ് പാർട്ടി നേതൃത്വത്തിന്റെ അനുമതിയോടെ വിദ്യാ ബാലകൃഷ്ണൻ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.
കേസ് അന്വേഷിച്ച സൈബർ പോലീസ് സംഘം വാട്സ്ആപ്പ് കോൾ വന്ന ഫോൺ നമ്പറിന്റെ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ ഡൽഹിയിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. കേസിൽ ഉപയോഗിച്ച സിം കാർഡ് മോഷണം പോയതാണെന്ന് മുൻ ഉടമ പോലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് ടവർ ഡംപ് അനാലിസിസ് (Tower Dump Analysis) ഉൾപ്പെടെയുള്ള ശാസ്ത്രീയ അന്വേഷണ തന്ത്രങ്ങളിലൂടെയാണ് പ്രതികളെ പോലീസ് വലയിലാക്കിയത്.
സമാനമായ രീതിയിൽ കേരളത്തിലെ മറ്റ് ചില എം.പിമാർക്കും എം.എൽ.എമാർക്കും തട്ടിപ്പുസംഘത്തിന്റെ വ്യാജ സന്ദേശങ്ങൾ ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആൾമാറാട്ടം നടത്തൽ, വഞ്ചനാശ്രമം, ഐ.ടി ആക്ട് എന്നിവ ഉൾപ്പെടുത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പരാതിയിൽ വയനാട് സൈബർ പോലീസും പ്രത്യേക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.



