Tue, 28 July 2026
Kerala

ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമാണം ഒടുവിൽ ആരംഭിച്ചു; തറക്കല്ലിടൽ കഴിഞ്ഞ് 142 ദിവസങ്ങൾക്ക് ശേഷം നടപടി

Newtalks Desk

കൽപ്പറ്റ: വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് പാർട്ടി വാഗ്ദാനം ചെയ്ത പുനരധിവാസ ഭവനങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഒടുവിൽ തുടക്കമായി. മേപ്പാടി കുന്നംപറ്റയിലാണ് വീടുകളുടെ നിർമാണം ആരംഭിച്ചിരിക്കുന്നത്. നേതാക്കൾ പങ്കെടുത്ത ഔദ്യോഗിക തറക്കല്ലിടൽ ചടങ്ങ് കഴിഞ്ഞ് 142 ദിവസത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇപ്പോൾ നിർമാണ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.

​കഴിഞ്ഞ ഫെബ്രുവരി 26-നായിരുന്നു രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്. എന്നാൽ ഇതിനുശേഷം മാസങ്ങളോളം യാതൊരുവിധ നിർമാണ പ്രവർത്തനങ്ങളും നടന്നിരുന്നില്ല. ദുരന്തബാധിതർക്കായി പണ്ട് പിരിച്ച ശേഷവും പദ്ധതി വൈകുന്നതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ആയുധങ്ങളിലൊന്നും ഈ അനാസ്ഥയായിരുന്നു.

​ദുരന്തബാധിതർക്കായി നൂറ് വീടുകൾ നിർമിച്ചു നൽകുമെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനമെങ്കിലും, ആദ്യഘട്ടത്തിൽ 18 വീടുകളുടെ നിർമാണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. എന്നാൽ ഈ ആദ്യഘട്ട വീടുകൾ ആർക്കൊക്കെയാണ് അനുവദിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ വ്യക്തത വന്നിട്ടില്ല.

ഭവന നിർമാണത്തിനായി ഫണ്ട് ശേഖരണം നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങാതിരുന്നതിനെ തുടർന്ന് പരക്കെ ചോദ്യങ്ങൾ ഉയർന്ന പശ്ചാത്തലത്തിലായിരുന്നു മൂന്ന് മാസം മുൻപ് പ്രതീകാത്മകമായി തറക്കല്ലിട്ടത്. എന്നാൽ അന്ന് സ്ഥാപിച്ച തറക്കല്ലുകൾ പോലും നിലവിൽ എവിടെയെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കൊടുവിൽ വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് വീണ്ടും ഔദ്യോഗികമായി തുടക്കം കുറിച്ചിരിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *