വന്ദേമാതരത്തോട് അനാദരവ് കാട്ടിയാൽ മൂന്ന് വർഷം തടവ്; ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
ദേശീയ ഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് കടുത്ത തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബിൽ ഉൾപ്പെടെയുള്ള സുപ്രധാന നിയമനിർമ്മാണങ്ങളുമായി കേന്ദ്ര സർക്കാർ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കം കുറിക്കും. ‘പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ അമൻഡ്മെന്റ് ബിൽ 2026’ എന്ന പേരിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ പുതിയ ബിൽ സഭയിൽ അവതരിപ്പിക്കുക. വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ മനഃപൂർവ്വം അതിന് ശല്യമുണ്ടാക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുന്ന വ്യവസ്ഥകളാണ് ഇതിലുള്ളത്. ദേശീയ ഗാനത്തെ അപമാനിക്കുന്നവർക്കെതിരെ നിലവിലുള്ള അതേ കർശന ശിക്ഷാ നടപടികൾ തന്നെ ദേശീയ ഗീതത്തിനും ബാധകമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം നേരത്തെ തന്നെ ഈ ബില്ലിന് അനുമതി നൽകിയിരുന്നു.
ഇതോടൊപ്പം, വിദേശ സംഭാവനകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കടുത്ത ആശങ്കകൾക്കിടയിലാണ് എഫ്.സി.ആർ.എ (FCRA) ഭേദഗതി ബില്ലും ഈ സമ്മേളനത്തിൽ അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്. കത്തോലിക്കാ സഭയുടെ അധ്യക്ഷൻമാരുമായി (CBCI) കേന്ദ്ര ആഭ്യന്തര മന്ത്രി നേരത്തെ നടത്തിയ ചർച്ചയിൽ ദോഷകരമായ ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും, ഈ ബില്ലിന്റെ അവതരണത്തോടെ സഭകൾ വീണ്ടും കടുത്ത പ്രതിഷേധവുമായി രംഗത്തെത്താനാണ് സാധ്യത. ഇതുകൂടാതെ ഇൻകം ടാക്സ് ഭേദഗതി ബിൽ, സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34-ൽ നിന്ന് 38 ആയി ഉയർത്തിയ ഓർഡിനൻസിന് പകരമുള്ള ബിൽ, ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ, ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ബിൽ എന്നിവയും വർഷകാല സമ്മേളനത്തിൽ മേശപ്പുറത്ത് വെയ്ക്കും. അതേസമയം, രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ ഉറ്റുനോക്കിയിരുന്ന മണ്ഡല പുനർനിർണ്ണയ ബില്ലും, മന്ത്രിമാരെ അയോഗ്യരാക്കാൻ വ്യവസ്ഥ ചെയ്യുന്ന 130-ാം ഭരണഘടനാ ഭേദഗതി ബില്ലും തൽക്കാലം ഈ സമ്മേളനത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ സുപ്രധാന ബില്ലുകൾ സഭയിലെത്തുന്നതോടെ വരുന്ന സമ്മേളന ദിവസങ്ങൾ കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങളാൽ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്.



