Tue, 28 July 2026
Kerala

വിലക്കിനെതിരെ വഖഫ് ബോർഡ് സുപ്രീം കോടതിയിലേക്ക്; ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യം

Newtalks Desk

ന്യൂഡൽഹി: കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണമേർപ്പെടുത്തിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് വഖഫ് ബോർഡ് അംഗം ഉമർ ഫൈസിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ബോർഡിൽ രണ്ട് മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്താത്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതി കഴിഞ്ഞദിവസം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

​ബി.ജെ.പി നേതാവ് ഷോൺ ജോർജ് നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ബോർഡിന്റെ നയപരമായ തീരുമാനങ്ങൾക്കും സാമ്പത്തിക ഇടപാടുകൾക്കും വിലക്കേർപ്പെടുത്തിയത്. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കരുതെന്നും നിലവിലെ പ്രവർത്തനം താൽക്കാലികമായി വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കുമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് പുറത്തുവന്നതോടെ വഖഫ് ബോർഡിന്റെ ഭരണപരമായ പ്രവർത്തനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ട പശ്ചാത്തലത്തിലാണ് അഡ്വക്കേറ്റ് കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേന ബോർഡ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.

വഖഫ് ഭേദഗതി നിയമത്തിലെ ഇത്തരം സുപ്രധാന വ്യവസ്ഥകൾ ഇതിനകം തന്നെ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും, അതിനാൽ ഹൈക്കോടതിയുടെ ഈ അടിയന്തര ഇടപെടൽ അനാവശ്യമാണെന്നുമാണ് ബോർഡിന്റെ വാദം. ബോർഡിൽ മുസ്ലിം ഇതര അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുന്നിലിരിക്കെ ഹൈക്കോടതി ഏകപക്ഷീയമായി സ്റ്റേ നൽകിയത് തെറ്റായ നടപടിയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. വഖഫ് കാര്യങ്ങൾ ജോയിന്റ് സെക്രട്ടറിക്ക് കൈമാറിയെങ്കിലും നയപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തത് ബോർഡിനെ നിശ്ചലമാക്കിയെന്നും, അതുകൊണ്ട് തന്നെ സുപ്രീം കോടതിയിൽ നിന്ന് അടിയന്തര സ്റ്റേ നേടുകയാണ് ലക്ഷ്യമെന്നും ബോർഡ് അധികൃതർ വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *