ലോകകപ്പ് ഫൈനൽ: അർജന്റീനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു
ടെൽ അവീവ്: ഫിഫ 2026 ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ താൻ അർജന്റീനയെയാണ് പിന്തുണയ്ക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഫൈനൽ മത്സരത്തിന് മുന്നോടിയായി ഇസ്രായേലിലെ അർജന്റീനൻ അംബാസഡർ റബ്ബി ഷിമോൺ ആക്സൽ വാനിഷിൽ നിന്ന് അർജന്റീന ദേശീയ ടീമിന്റെ ഔദ്യോഗിക ജേഴ്സി സ്വീകരിച്ച ശേഷമാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
താൻ ഒരു അർജന്റീനൻ ആരാധകനാണെന്ന കാര്യം മറച്ചുവെക്കുന്നില്ലെന്നും ഭൂരിഭാഗം ഇസ്രായേൽ പൗരന്മാരും അർജന്റീനയെയാണ് പിന്തുണയ്ക്കുന്നതെന്നും നെതന്യാഹു പറഞ്ഞു. അർജന്റീനൻ പ്രസിഡന്റ് ജാവിയർ മിലെയ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിപ്ലവമാണ് സൃഷ്ടിച്ചതെന്നും നിലവിൽ ഇസ്രായേലിന് ഇതിലും വലിയൊരു സുഹൃത്ത് രാജ്യം വേറെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ രാഷ്ട്രീയ-സൗഹൃദ ബന്ധമാണ് കായികവേദിയിലും അർജന്റീനയെ പിന്തുണയ്ക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് നെതന്യാഹുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രമുഖർ തങ്ങളുടെ കായിക നിലപാടുകൾ വ്യക്തമാക്കുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.



