പരാതിയുമായി വന്നവർ സെൽഫിയെടുത്ത് മടങ്ങി; മുഖ്യമന്ത്രിയുടെ വാഹനം നിർത്തി ഉദ്യോഗാർത്ഥികളെ നേരിട്ടു കണ്ടു
കോഴിക്കോട്: ഐ.ഐ.എം കോഴിക്കോട് (IIM Kozhikode) സംഘടിപ്പിച്ച രണ്ടുദിവസത്തെ ലീഡർഷിപ്പ് വർക്ക്‌ഷോപ്പിന് ശേഷം മടങ്ങിയ മുഖ്യമന്ത്രിയെ കാണാനെത്തിയ പി.എസ്.സി ഉദ്യോഗാർഥികൾ പരാതികൾ കൈമാറിയതിനൊപ്പം സന്തോഷത്തോടെ സെൽഫികളുമെടുത്താണ് മടങ്ങിയത്.
തങ്ങളുടെ ആവശ്യങ്ങളും നിവേദനങ്ങളുമായി വഴിയരികിൽ കാത്തുനിന്ന ഉദ്യോഗാർഥികളെ കണ്ട ഉടൻ മുഖ്യമന്ത്രി വാഹനം നിർത്താൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗാർഥികളുടെ അടുത്തേക്ക് എത്തിയ അദ്ദേഹത്തെ കൈയടികളോടെയും മുദ്രാവാക്യങ്ങളോടെയുമാണ് അവർ സ്വീകരിച്ചത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിരന്തരം ഉന്നയിച്ചിട്ടും തിരിഞ്ഞുനോക്കാതിരുന്ന തങ്ങളുടെ പരാതികളും ആശങ്കകളും ശ്രദ്ധയോടെ കേൾക്കാനും നേരിട്ട് നിവേദനം സ്വീകരിക്കാനും ഭരണനേതൃത്വം തയ്യാറായതിൽ വലിയ ആശ്വാസത്തിലാണ് ഉദ്യോഗാർഥികൾ. റാങ്ക് ലിസ്റ്റുകളുടെ കാലാവധി, നിയമന നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതോടെ, പരാതിക്കാരായി എത്തിയവർ മുഖ്യമന്ത്രിയോടൊപ്പം സെൽഫികളുമെടുത്ത് ആവേശത്തോടെയാണ് മടങ്ങിയത്.
തങ്ങളുടെ ആശങ്കകളും നിവേദനങ്ങളുമായി കാത്തുനിന്ന ഉദ്യോഗാർഥികൾക്ക് മുന്നിലേക്ക് മുഖ്യമന്ത്രി നേരിട്ടെത്തിയതോടെ ആവേശഭരിതരായ അവർ കൈയടികളോടെയും മുദ്രാവാക്യങ്ങളോടെയുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്.



