മരത്തടികൾ പിടിക്കാൻ പുഴയിൽ ചാടി, ദിവസങ്ങളായി കാണാമറയത്ത്; ചാലിയാർ തീരത്ത് കണ്ണീരോടെ നാട്
മലപ്പുറം: മലപ്പുറം ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും. മമ്പാട് സ്വദേശിയായ യാഷിക്കിനെ (22) കണ്ടെത്താനായി തിരുവാലി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് നിലവിൽ പുഴയിൽ വിപുലമായ തെരച്ചിൽ നടക്കുന്നത്. നാട്ടുകാരും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓടായിക്കല്‍ പാലത്തിന് സമീപമായിരുന്നു അപകടം. ശക്തമായ ഒഴുക്കിൽ പെട്ട് പുഴയിലൂടെ ഒഴുകിവന്ന മരത്തടികൾ പിടിച്ചെടുക്കാനായി യാഷിക്കും സുഹൃത്തുക്കളും പുഴയിലേക്ക് ചാടുകയായിരുന്നു. തുടർന്ന് മരത്തടികൾ കരയ്ക്കടുപ്പിക്കാനുള്ള ശ്രമത്തിനിടെ യാഷിക് ശക്തമായ ഒഴുക്കിൽപെട്ട് താഴേക്ക് പോവുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. പ്രദേശത്ത് കനത്ത ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.



