Tue, 28 July 2026
HealthKerala

അകാലത്തിൽ പൊലിഞ്ഞ ഇരുപതുകാരൻ വിഷ്ണു ഇനി അഞ്ചുപേരിലൂടെ ജീവിക്കും; വഴിയൊരുക്കി ‘ഗ്രീൻ കോറിഡോർ’

Newtalks Desk

കോഴിക്കോട്/കോട്ടയം: അകാലത്തിൽ വിടപറഞ്ഞ ഇരുപതുകാരൻ വിഷ്ണുവിന്റെ ഓർമ്മകൾ ഇനി അഞ്ചുപേർക്ക് പുതുജീവനാകും. മസ്തിഷ്ക മരണം സംഭവിച്ച വിഷ്ണുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ എടുത്ത മാതൃകാപരമായ തീരുമാനം ഒട്ടേറെ കുടുംബങ്ങൾക്കാണ് പ്രത്യാശ പകരുന്നത്. ഇരിങ്ങൽ കോട്ടക്കൽ സ്വദേശിയും വയനാട് ഓറിയന്റൽ കോളേജിലെ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയുമാണ് വിഷ്ണു. ജൂലൈ 6-ന് കടുത്ത തലവേദനയെ തുടർന്ന് വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ജൂലൈ 7-ന് രാത്രി എട്ട് മണിയോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ച് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

​അപ്രതീക്ഷിതമായി എത്തിയ വലിയ വിയോഗത്തിന്റെ വേദനയിലും വിഷ്ണുവിന്റെ അമ്മ ഷിബിനയും സഹോദരി ജ്യോതികയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. വിഷ്ണുവിന്റെ കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും, വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജ്, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലേക്കുമാണ് മാറ്റുന്നത്. കൂടാതെ കണ്ണുകൾ (കോർണിയ) കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറും.

കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിക്കേണ്ട വൃക്കയുമായി KL 05 BB 5596 എന്ന ആംബുലൻസ് ഇന്ന് രാവിലെ എട്ട് മണിയോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്നും യാത്ര തിരിച്ചു. ജീവന്റെ തുടിപ്പുകളുമായി കുതിക്കുന്ന ആംബുലൻസിന് സുഗമമായി കടന്നുപോകാൻ റോഡുകളിൽ പ്രത്യേക ‘ഗ്രീൻ കോറിഡോർ’ സംവിധാനമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *