Sat, 12 September 2026
KeralaPolitics

സോറിയാസിസ്, പാര്‍ക്കിന്‍സണ്‍സ് എന്നിങ്ങനെ ഗുരുതര അസുഖങ്ങളുണ്ട്, വാറന്റുപോലുമില്ലാതെ കസ്റ്റഡിയിലെടുത്തതെന്നും ജാമ്യപേക്ഷയിൽ; ടി.ജി മോഹൻദാസിന് സൈബർ പൊലീസിന്റെ വീഴ്ചയിൽ ജാമ്യം

Newtalks Desk

ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ ടി.ജി മോഹൻദാസിന് സൈബർ പൊലീസിന്റെ വീഴ്ചയിൽ ജാമ്യം. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമ്പോൾ പ്രതിക്ക് ആദ്യം നോട്ടിസ് നൽകണമെന്ന സുപ്രീം കോടതിയുടെ നിർബന്ധിത നിർദേശം പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർച്ചയായി അടുത്ത മൂന്നു ദിവസം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

അധിക്ഷേപ പരാമർശത്തിൽ പരാതി ലഭിച്ച് മൂന്നു ദിവസത്തിന് ശേഷമാണ് ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിനെതിരെ കേസെടുത്തത്. കേസെടുത്ത് പത്തു ദിവസം കഴിഞ്ഞിട്ടും തുടർ നടപടിയെടുക്കാത്ത ആഭ്യന്തര വകുപ്പിനെതിരെ വിമർശനം ഉയർന്നതോടെയാണ് ഇന്നലെ കൊച്ചിയിലെ വീട്ടിലെത്തി തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് മോഹൻദാസിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് വീഴ്ച മൂലം പ്രതിക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. നോട്ടിസ് അയച്ചാൽ പ്രതി ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന ന്യായമാണ് അന്വേഷണ സംഘം റിമാൻഡ് റിപ്പോർട്ടിൽ ഉന്നയിച്ചത്. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിക്രമ ലംഘനം ബോധപൂർവമാണെന്ന് വ്യക്തമായതോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

വീഴ്ച്ച പരിശോധിച്ച് തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പരാതിക്കാരൻ

പൊലീസിന്റെ വീഴ്ച്ച പരിശോധിച്ച് തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പരാതിക്കാരിലൊരാളായ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോൻ . കർശന ഉപാധികളോടെയാണ് ജാമ്യം. നാളെ മുതൽ തുടർച്ചയായി മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.അടുത്ത രണ്ട് മാസം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തി ഒപ്പുവെക്കണം. ജാമ്യകാലയളവിൽ സമാനമായ യാതൊരു കേസുകളിലും പ്രതിയാകാൻ പാടില്ല.അന്വേഷണത്തിന്റെ ഏത് ഘട്ടത്തിലും പൊലീസ് ആവശ്യപ്പെടുമ്പോൾ പൂർണ്ണമായി സഹകരിക്കണമെന്നും തിരുവനന്തപുരം ACJM കോടതി ഉത്തരവിട്ടു.

71 വയസായെന്നും ഒരു സ്‌ട്രോക്ക് കഴിഞ്ഞതാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു

ടി.ജി മോഹന്‍ദാസിന് 71 വയസായെന്നും ഒരു സ്‌ട്രോക്ക് കഴിഞ്ഞതാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. സോറിയാസിസ്, പാര്‍ക്കിന്‍സണ്‍സ് എന്നിങ്ങനെ ഗുരുതര അസുഖങ്ങളുണ്ട്. സ്വന്തം വീട്ടില്‍ നിന്ന് വാറന്റുപോലുമില്ലാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

പരമാവധി മൂന്ന് വര്‍ഷം ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണ് പ്രതിക്കെതിരെ ചുമത്തിയതെന്നും ഇതില്‍ ആരോഗ്യാവസ്ഥ പരിഗണിച്ച് നിയമപ്രകാരമുള്ള ഇളവ് നല്‍കണമെന്നും അപേക്ഷയില്‍ പറയുന്നു. അന്വേഷണവുമായും വിചാരണയുമായും പൂര്‍ണമായും സഹകരിക്കാന്‍ തയാറാണ്. അന്വേഷണത്തെ സ്വാധീനിക്കാനോ തെളിവുകള്‍ ഇല്ലാതാക്കാനോ ശ്രമിക്കില്ല. ജാമ്യത്തിനായി കോടതി നിര്‍ദേശിക്കുന്ന ഏത് ഉപാധിയും അനുസരിക്കാമെന്നും അപേക്ഷയില്‍ പറയുന്നു.

സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും ചോദ്യംചെയ്യലിന് ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചാണ് കോടതി ജാമ്യം നല്‍കിയത്. ജാമ്യം ലഭിച്ചതിന് പിന്നാലെ പുറത്തിറങ്ങിയ മോഹന്‍ദാസ് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാതെ മടങ്ങി.

ജന്തര്‍മന്തറിലെ സമരക്കാരെ താനായിരുന്നെങ്കില്‍ വെടിവെക്കുമായിരുന്നു, സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ബലാത്സംഗം ഇഷ്ടപ്പെടുന്നവരായിരുന്നു എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളാണ് സാമൂഹികമാധ്യമം വഴി മോഹന്‍ദാസ് നടത്തിയത്. ജൂലൈ 29നാണ് ഇയാള്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്. കടുത്ത വിദ്വേഷ പ്രസംഗം നടത്തിയിട്ടും മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *