ഡൽഹിയിൽ പ്രതിഷേധം ശക്തം, ഇരച്ചെത്തി വിദ്യാർഥികൾ; കേന്ദ്രത്തിന്റെ അവഗണിക്കൽ തന്ത്രം പാളി; പൊലീസിന്റെ കണക്കുകൂട്ടലും തെറ്റി
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ചിൽ ഡൽഹിയിൽ വൻ സുരക്ഷാ വീഴ്ച. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം ആയിരക്കണക്കിന് യുവാക്കൾ പാർലമെന്റ് സമുച്ചയത്തിന് തൊട്ടടുത്തെത്തിയതോടെ മൂന്ന് മണിക്കൂറിലേറെയായി കവാടങ്ങളെല്ലാം അടച്ചിട്ടു. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർ സഭയ്ക്കകത്തുള്ളപ്പോഴായിരുന്നു സംഭവം.
നീറ്റ് ചോദ്യച്ചോർച്ച, സി.ബി.എസ്.ഇ മൂല്യനിർണയത്തിലെ വീഴ്ചകൾ തുടങ്ങിയ വിദ്യാഭ്യാസ വകുപ്പിന്റെ പരാജയങ്ങൾക്കെതിരെയായിരുന്നു സമരം. ജന്തർ മന്തറിലെ സമരം വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക് നിരാഹാര വ്രതത്തിലേക്ക് മാറ്റിയതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്. മഫ്തിയിലെത്തിയ പോലീസ് വാങ്ചുകിനെ ബലമായി ആശുപത്രിയിലേക്ക് മാറ്റിയത് പ്രതിഷേധത്തിന്റെ വീര്യം കൂട്ടി. സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെയുടെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ വിദ്യാർഥികളും യുവാക്കളും ബാരിക്കേഡുകൾ തകർത്ത് പാർലമെന്റിലേക്ക് കുതിച്ചു.
പൊലീസിന് മുൻകൂട്ടി സ്ഥിതിഗതികൾ പ്രവചിക്കാൻ കഴിഞ്ഞില്ല. റോഡുകൾ അടച്ചും മെട്രോ സ്റ്റേഷനുകൾ ഒഴിവാക്കിയും തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും ലാത്തിച്ചാർജും പ്രയോഗിച്ചതോടെ റെയ്‌സീന റോഡും ജന്തർ മന്തറും യുദ്ധക്കളമായി മാറി. തുടര്‍ന്ന് പ്രദേശത്തെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.
വൻ സുരക്ഷാ വീഴ്ചയെത്തുടർന്ന് ഡൽഹി പോലീസ് കമ്മീഷണറെ കേന്ദ്രസർക്കാർ ഉടൻ സ്ഥലംമാറ്റി. പാർലമെന്റിന് ചുറ്റും കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. അനുമതിയില്ലാതെയായിരുന്നു പ്രതിഷേധക്കാർ ഡൽഹിയിലേക്ക് ഒഴുകിയെത്തിയത്.



