നിതിൻ രാജിന്റെ മരണം: ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ റാം പിടിയിൽ, താടി വളർത്തി തിരിച്ചറിയാൻ കഴിയാത്ത വിധം രൂപം മാറ്റി, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഒളിത്താവളം നിരന്തരം മാറി
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരനായ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ ഒടുവിൽ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. ഏപ്രിൽ 10-ന് നിതിൻ കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിന് ശേഷം, മൂന്ന് മാസത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന കോളജ് പ്രൊഫസറെ കർണാടകയിലെ കുടകിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു ഒളിയിടത്തിലേക്ക് മാറാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ രാത്രിയാണ് ഇയാൾ വലയിലാകുന്നത്.
അന്വേഷണ ഘട്ടത്തിൽ വേഷവും രൂപവും മാറ്റി ഒളിവിൽ കഴിഞ്ഞ ഡോ. റാം പോലീസിനെ വൻതോതിൽ വലച്ചിരുന്നു. സ്വന്തം മൊബൈൽ ഫോൺ പൂർണ്ണമായും ഒഴിവാക്കിയ ഇയാൾ ആന്ധ്രപ്രദേശിലെ ചിറ്റൂർ, ഗുണ്ടൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും ഒളിവിൽ കഴിഞ്ഞിരുന്നത്. ആന്ധ്രയിലെ ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിയുടെ (TDP) ഒരു പ്രമുഖ നേതാവും തന്റെ അടുത്ത ബന്ധുവുമായ വ്യക്തിയുടെ രാഷ്ട്രീയ സംരക്ഷണവും റാമിന് ലഭിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. അപരിചിതരായ ആളുകളെ കാണുമ്പോൾ തന്നെ ഇയാൾക്ക് മുൻകൂട്ടി വിവരങ്ങൾ കൈമാറാൻ പ്രത്യേക സംവിധാനവും ഉണ്ടായിരുന്നു. പ്രതി ഫോൺ ഉപയോഗിക്കാതിരുന്നതിനെ തുടർന്ന് ഇയാളുമായി ബന്ധമുള്ളവരുടെ ഫോണുകൾ നിരീക്ഷിച്ചാണ് പോലീസ് ഒളിത്താവളങ്ങളെക്കുറിച്ച് സൂചനകൾ ശേഖരിച്ചത്.
ഗുണ്ടൂരിൽ നിന്നും ബംഗളൂരുവിലേക്കും പിന്നീട് കുടകിലേക്കും മാറിയ പ്രതിയെ കർണാടക കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ തിരച്ചിലിലാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രധാന പ്രതി പിടിയിലായതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ നിതിൻ രാജിന്റെ പിതാവ് രാജൻ, കുറ്റമറ്റ അന്വേഷണം നടത്തി മകന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
സ്വന്തം ഫോൺ ഉപയോഗിക്കാതായതോടെ, റാമുമായി ബന്ധമുള്ള മറ്റുള്ളവരുടെ മൊബൈൽ ഫോണുകൾ പോലീസ് നിരീക്ഷണത്തിലാക്കി
പ്രതി സ്വന്തം ഫോൺ ഉപയോഗിക്കാതായതോടെ, റാമുമായി ബന്ധമുള്ള മറ്റുള്ളവരുടെ മൊബൈൽ ഫോണുകൾ പോലീസ് നിരീക്ഷണത്തിലാക്കി. ഇതാണ് അന്വേഷണത്തിൽ നിർണായകമായത്. ആന്ധ്രയിലെ ഗുണ്ടൂരിൽ ക്രൈംബ്രാഞ്ച് എത്തുന്നതിന് തൊട്ടുമുമ്പ് റാം അവിടെനിന്ന് ബംഗളൂരുവിലേക്ക് കടന്നിരുന്നു. തുടർന്ന് കർണാടക കേന്ദ്രീകരിച്ച് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് കുടകിൽ വെച്ച് ഇയാൾ വലയിലാകുന്നത്.



