Wed, 28 October 2026
India

ഡൽഹിയെ പൂട്ടാൻ പോലീസും റെയിൽവേയും; ജന്തർ മന്ദിർ മാർച്ച് തടയാൻ ട്രെയിനുകൾ റദ്ദാക്കി, ഇടപെട്ട് സുപ്രീം കോടതി!

Newtalks Desk

ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കലിലെ (SIR) ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊക്രോച്ച് ജനതാ പാർട്ടി (CJP) ഒക്ടോബർ 10 ശനിയാഴ്ച ഡൽഹി ജന്തർ മന്ദിറിലേക്ക് പ്രഖ്യാപിച്ചിരിക്കുന്ന വൻ പ്രതിഷേധ മാർച്ചും ധർണ്ണയും തലസ്ഥാനത്തെ വീണ്ടും പ്രക്ഷുബ്ധമാക്കുന്നു. പ്രക്ഷോഭകരെ തടയുന്നതിനായി ഡൽഹി പോലീസും റെയിൽവേയും മെട്രോയും ചേർന്ന് കടുത്ത ഗതാഗത വിലക്കുകൾ ഏർപ്പെടുത്തിയതോടെ വിഷയം സുപ്രീം കോടതിയുടെ മുൻപിലെത്തുകയും, കോടതി അടിയന്തരമായി ഇടപെടുകയും ചെയ്തു.

​മെട്രോ ഗതാഗതം പൂർണ്ണമായി തടയരുത്: സുപ്രീം കോടതി

​പ്രക്ഷോഭത്തിന് മുന്നോടിയായി ഒക്ടോബർ 9 വെള്ളിയാഴ്ച രാത്രി 9 മണി മുതൽ 57 മെട്രോ സ്റ്റേഷനുകളിൽ പ്രവേശനം നിർത്തിവെക്കാനുള്ള ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (DMRC) തീരുമാനത്തെ സുപ്രീം കോടതി ചോദ്യം ചെയ്തു. സുരക്ഷാ ക്രമീകരണങ്ങളുടെ പേരിൽ സാധാരണക്കാരായ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ മെട്രോ ഗതാഗതം പൂർണ്ണമായി നിരോധിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. നിയന്ത്രിതമായി സർവീസുകൾ നടത്താനും തീരുമാനങ്ങൾ കൃത്യമായി പൊതുജനങ്ങളെ അറിയിക്കാനും സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു.

48 ട്രെയിനുകൾ റദ്ദാക്കി

പ്രതിഷേധക്കാർ രാജ്യതലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത് തടയാൻ ഡൽഹിയിലേക്കുള്ള 48 പ്രമുഖ എക്സ്പ്രസ് ട്രെയിനുകൾ റെയിൽവേ റദ്ദാക്കുകയും മുംബൈ രാജധാനി അടക്കമുള്ള പ്രധാന സർവീസുകൾ വൈകിപ്പിക്കുകയും ചെയ്തു. ഇതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലായി. ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്ന് അമൃതസറിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റ് തിരക്ക് സാധാരണ നിരക്കായ 4,000 രൂപയിൽ നിന്ന് 8,000 രൂപയായി ഇരട്ടിയ വർദ്ധിച്ചു. വാലിഡ് ട്രെയിൻ ടിക്കറ്റുള്ള യാത്രക്കാരെ സ്റ്റേഷനുകളിൽ തടയില്ലെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും വൻ ഗതാഗതക്കുരുക്കാണ് നഗരത്തിൽ അനുഭവപ്പെടുന്നത്.

​ജന്തർ മന്ദിർ മാർച്ചിന് അനുമതി നിഷേധിച്ച് പോലീസ്:

​പ്രതിഷേധ മാർച്ചുകൾക്ക് 10 ദിവസം മുൻപ് അപേക്ഷ നൽകണമെന്ന നിബന്ധന പാലിച്ചില്ലെന്നും, ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് സി.ജെ.പിയുടെ മാർച്ചുകൾക്ക് അനുമതി നിഷേധിച്ചു. ന്യൂഡൽഹി ഏരിയയിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) വകുപ്പ് 163 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. 25,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും സായുധ സേനയെയും നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ഡൽഹിയിലെ നിരവധി സ്‌കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറുകയും കോളേജുകൾ പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തു.

​സർക്കാർ ഭയപ്പെടുന്നു എന്ന് അഭിജീത് ദീപ്കെ; പിന്തുണച്ച് കേജ്‌രിവാളും പ്രതിപക്ഷവും

​പോലീസിന്റെ തടസ്സവാദങ്ങൾ മറികടന്ന് പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് സി.ജെ.പി നേതാവ് അഭിജീത് ദീപ്കെ പ്രഖ്യാപിച്ചു. “യുവജനങ്ങളെ ഭയമാണെങ്കിൽ രാജ്യം മുഴുവൻ പൂട്ടിയിടൂ,” എന്ന് കേന്ദ്ര സർക്കാരിനെ പരിഹസിച്ച ദീപ്കെ, സൗരഭ് ദാസ്, അശുതോഷ് റങ്ക എന്നിവർക്കൊപ്പം ഡൽഹിയിലേക്ക് യാത്രതിരിക്കുന്ന വീഡിയോ പുറത്തുവിട്ടു. പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി (AAP) അധ്യക്ഷൻ അരവിന്ദ് കേജ്‌രിവാളും രംഗത്തെത്തി. താനും കുടുംബവും പ്രതിഷേധത്തിൽ പങ്കാളികളാകുമെന്ന് കേജ്‌രിവാൾ അറിയിച്ചു. എ.ഐ.എസ്.എ (AISA) അടക്കമുള്ള വിദ്യാർത്ഥി പ്രസ്ഥാനങ്ങളും സമരരംഗത്തുണ്ട്.

​ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി, എസ്.ഐ.ആർ പ്രക്രിയ നിർത്തിവെക്കൽ, 2025 ജനുവരിയിലെ വോട്ടർപട്ടിക പുനഃസ്ഥാപിക്കൽ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിൽ സ്വതന്ത്ര സംവിധാനം കൊണ്ടുവരൽ എന്നിവയാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങൾ.


Leave a Reply

Your email address will not be published. Required fields are marked *