Tue, 28 July 2026
India

പശ്ചിമേഷ്യൻ യുദ്ധം നല്‍കിയ പാഠം; കിതയ്ക്കാതിരിക്കാൻ ഇന്ത്യയുടെ വമ്പൻ ‘മാസ്റ്റർ പ്ലാൻ’, ഒരു മാസത്തേക്കുള്ള ഇന്ധനം ‘സ്റ്റോക്ക്’ ചെയ്യാന്‍ പദ്ധതി

Newtalks Desk

ന്യൂഡൽഹി: ആഗോള യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യത്തുണ്ടാകാനിടയുള്ള ഇന്ധന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ വൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്തിന് ഒരു മാസത്തേക്ക് പൂർണ്ണമായി ആവശ്യമായ ക്രൂഡ് ഓയിൽ, പാചകവാതകം (എൽ.പി.ജി), ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) എന്നിവയുടെ വൻ കരുതൽ ശേഖരം ഒരുക്കാനാണ് രാജ്യം തയ്യാറെടുക്കുന്നത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വിതരണ ശൃംഖലയെ ബാധിച്ചാലും ആഭ്യന്തര വിപണിയിൽ പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ ഈ അടിയന്തര സംഭരണ പദ്ധതിയിലൂടെ സാധിക്കും.

പദ്ധതി നടപ്പിലാക്കുന്നതിനായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താനും, ഭൂഗർഭ അറകളിലാണോ അതോ ഉപരിതലത്തിലാണോ ഇവ സൂക്ഷിക്കേണ്ടത് എന്ന് തീരുമാനിക്കാനും പെട്രോളിയം മന്ത്രാലയം പ്രത്യേക വിദഗ്ധ സമിതിക്ക് രൂപം നൽകിക്കഴിഞ്ഞു. നിലവിൽ ഇന്ത്യക്ക് പരിമിതമായ ദിവസങ്ങളിലേക്കുള്ള തന്ത്രപ്രധാന ഇന്ധന ശേഖരം (Strategic Petroleum Reserve) മാത്രമാണുള്ളത്. പുതിയ നീക്കം രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയെ കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ. സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് മന്ത്രാലയം കടക്കും.


Leave a Reply

Your email address will not be published. Required fields are marked *