Wed, 28 October 2026
India

പ്രദർശനത്തിന് വെച്ചിരിക്കുന്നത് അഞ്ഞൂറിലധികം ആയുധങ്ങൾ; വിജയദശമി ദിനത്തിൽ വിവാദ പൂജയുമായി യു.പി എം.എൽ.എ രാജ ഭയ്യ!

Newtalks Desk

ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രതാപ്‌ഗഡിൽ വിജയദശമി ദിനത്തിൽ വ്യത്യസ്തമായ ആചാരവുമായി ജനസട്ടാ ദൾ (ലോക്തന്ത്രിക്) നേതാവും കുണ്ട എം.എൽ.എയുമായ രഘുരാജ് പ്രതാപ് സിംഗ് എന്ന ‘രാജ ഭയ്യ’. തന്റെ ബെന്തി കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ അഞ്ഞൂറിലധികം ആയുധങ്ങൾ നിരത്തിവച്ചാണ് അദ്ദേഹം ആയുധപൂജ നടത്തിയത്. വൻതോതിലുള്ള ആയുധ പ്രദർശനവും പൂജയും വീണ്ടും രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

​ഖദർ ധോതിയും കുർത്തയും കാവി തലപ്പാവും ധരിച്ചാണ് രാജ ഭയ്യ പൂജകളിൽ പങ്കെടുത്തത്. വൈദിക മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണി വരെയായിരുന്നു ചടങ്ങുകൾ നടന്നത്. അദ്ദേഹത്തിന്റെ ഇരട്ടക്കുട്ടികളായ ശിവ്‍രാജും ബ്രിജ്‌രാജും ചടങ്ങിൽ സന്നിഹിതരായിരുന്നു. കൂടാതെ പ്രാദേശിക നേതാക്കളും നൂറുകണക്കിന് അനുയായികളും തങ്ങളുടെ കൈവശമുള്ള ആയുധങ്ങളുമായി പൂജയിൽ പങ്കെടുത്തു. ആയുധങ്ങളുടെ ലൈസൻസുകളും തിരിച്ചറിയൽ രേഖകളും ആയുധങ്ങൾക്ക് സമീപം പ്രദർശിപ്പിച്ചിരുന്നുവെന്ന് സംഘാടകർ വ്യക്തമാക്കി.

​പാരമ്പര്യമായി വർഷങ്ങളായി തുടർന്നുപോരുന്ന ആചാരമാണിതെന്നും രാജ്യത്തെയും സംസ്കാരത്തെയും സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് രാജ ഭയ്യ പറഞ്ഞു. ആനയുടെ കൊമ്പ് തിന്നാൻ ഒന്നു കാണിക്കാൻ വേറെ ഒന്ന് എന്ന ചൊല്ലിനെ ഓർമ്മിപ്പിച്ച അദ്ദേഹം, പ്രദർശിപ്പിച്ച ആയുധങ്ങൾ മാത്രമാണ് തങ്ങളുടെ പക്കലുള്ളതെന്ന് കരുതരുതെന്നും സൂചിപ്പിച്ചു. പരമ്പരാഗത വേഷധാരണങ്ങൾ പുതുതലമുറ മറന്നുതുടങ്ങിയിരിക്കുകയാണെന്നും ഉത്സവ വേളകളിൽ ഭാരതീയ വേഷങ്ങൾ ധരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​കഴിഞ്ഞ വർഷങ്ങളിലും രാജ ഭയ്യയുടെ ആയുധപൂജ വലിയ തോതിൽ വാർത്തകളിൽ ഇടംനേടിയിരുന്നു. തങ്ങളുടെ കൈവശമുള്ള ആയുധങ്ങളെല്ലാം നിയമപരവും ലൈസൻസുള്ളതുമാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. പ്രതാപ്‌ഗഡ് മേഖലയിൽ വലിയ സ്വാധീനമുള്ള രാജ ഭയ്യയുടെ ഈ ആയുധപൂജയും പരാമർശങ്ങളും ഇപ്പോൾ ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.


Leave a Reply

Your email address will not be published. Required fields are marked *