Tue, 27 October 2026
KeralaLifestyle

വയോജനങ്ങളുടെ സംരക്ഷണത്തിനായി പുതിയ നിയമം; ചരിത്ര ചുവടുവെപ്പുമായി കേരള സർക്കാർ!

Newtalks Desk

തിരുവനന്തപുരം: സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമവും അന്തസ്സും സംരക്ഷിക്കുന്നതിനും അവകാശങ്ങൾ നിയമപരമായി ഉറപ്പുവരുത്തുന്നതിനുമുള്ള സുപ്രധാന നിയമനിർമ്മാണവുമായി കേരള സർക്കാർ മുന്നോട്ട്. വയോജനങ്ങളുടെ സംരക്ഷണം, പരിചരണ കേന്ദ്രങ്ങളുടെ നിയന്ത്രണം, ആരോഗ്യകരവും സജീവവുമായ വാർദ്ധക്യം എന്നിവ ലക്ഷ്യമിട്ടുള്ള ‘കേരളം സീനിയർ സിറ്റിസൺസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ) ബിൽ, 2026’ കൂടുതൽ സൂക്ഷ്മ പരിശോധനയ്ക്കായി നിയമസഭാ ഫിനാൻസ് സബ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബിൽ സഭയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. വയോജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കുടുംബങ്ങളുടെയും പരിചാരകരുടെയും ശേഷി വർദ്ധിപ്പിക്കാനും പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.

​ബില്ലിന്റെ കരട് അവതരണ വേളയിൽ, സഭയിൽ ബില്ലുകൾ അവതരിപ്പിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് അംഗങ്ങൾക്ക് കോപ്പികൾ ലഭ്യമാക്കണമെന്ന വ്യവസ്ഥ പൂർണ്ണമായി പാലിച്ചില്ലെന്ന് കാണിച്ച് പ്രതിപക്ഷ നിരയിൽ നിന്ന് എതിർപ്പുകൾ ഉയർന്നു. എൻ.കെ. അക്ബർ എം.എൽ.എ ചട്ടപ്രശ്നം (Point of order) ഉന്നയിച്ചുകൊണ്ട് ഭരണഘടന ലംഘനമുണ്ടായെന്നും, സാമ്പത്തിക ബാധ്യതകൾ കൃത്യമായി കണക്കാക്കിയിട്ടില്ലെന്നും ആരോപിച്ചു. ‘ലിവിംഗ് വില്ല്’ (Living will) സംബന്ധിച്ച സുപ്രീം കോടതി നിർദ്ദേശങ്ങളുടെ ലംഘനമുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാൽ, വയോജനങ്ങൾക്കായി പ്രത്യേക നയവും കമ്മീഷനും ബജറ്റും രൂപീകരിച്ച സർക്കാരാണ് ഇതെന്നും, തങ്ങൾ ബില്ലിനെ എതിർക്കുന്നില്ലെങ്കിലും സരസമായ ചില നിയമപ്രശ്നങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ആശങ്കകൾക്ക് മറുപടി നൽകിയ മുഖ്യമന്ത്രി, പ്രത്യേക നിയമങ്ങളിൽ ശിക്ഷാ നടപടികൾ ഉൾപ്പെടുത്താമെന്നും ഫിനാൻഷ്യൽ മെമ്മോറാണ്ടത്തിൽ ചെലവുകൾ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. സ്പീക്കറുടെ അനുമതിയോടെ ഒക്ടോബർ 10-ന് തന്നെ ഗസറ്റിൽ പ്രസിദ്ധീകരിച്ച ബിൽ അംഗങ്ങൾക്ക് വിതരണം ചെയ്തിട്ടുണ്ടെന്നും സർക്കാർ കൂട്ടിച്ചേർത്തു.

​വർദ്ധിച്ചുവരുന്ന വയോജന ജനസംഖ്യയും ‘സിൽവർ ഇക്കോണമി’യും:

​കേരളത്തിലെ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങളെയും കുടിയേറ്റ പ്രവണതകളെയും അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2036-ഓടെ സംസ്ഥാനത്തെ വയോജനങ്ങളുടെ ജനസംഖ്യ ദേശീയ ശരാശരിയുടെ ഇരട്ടിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തെ കേവലം ഒരു വെല്ലുവിളിയായി കാണാതെ, അതിനെ അവസരമാക്കി മാറ്റി ‘സിൽവർ ഇക്കോണമി’ (Silver economy) പ്രയോജനപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വയോജനങ്ങളുടെ വൈഭവങ്ങളും അറിവുകളും പ്രയോജനപ്പെടുത്തുക, അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സമഗ്ര സർവേ നടത്തുക, വോളന്റിയർ കോർപ്സ് രൂപീകരിക്കുക, കെയർ ഹോമുകളുടെ രജിസ്ട്രേഷനും നിരീക്ഷണവും ഉറപ്പാക്കുക തുടങ്ങിയ വിപുലമായ പദ്ധതികളാണ് പുതിയ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്.

​ഒരു സമൂഹത്തിന്റെ സംസ്കാരം അളക്കപ്പെടുന്നത് അത് മുതിർന്ന പൗരന്മാരെ എങ്ങനെ പരിപാലിക്കുന്നു എന്നതിലൂടെയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഈ ബിൽ പൂർണ്ണരൂപത്തിൽ പാസാക്കപ്പെടുന്നതോടെ ലോകത്തിന് തന്നെ മാതൃകയാകുന്ന ഒരു നിയമനിർമ്മാണമായി കേരളം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. വയോജനങ്ങൾ ആരും ഒറ്റയ്ക്കല്ലെന്ന തോന്നൽ ഉണ്ടാക്കണമെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഊന്നൽ നൽകിക്കൊണ്ടുള്ള ഈ നിയമനിർമ്മാണം കേരളത്തിന്റെ സാമൂഹിക സുരക്ഷാ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Leave a Reply

Your email address will not be published. Required fields are marked *