കളി കാണാൻ ലക്ഷങ്ങൾ വേണം; ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ലോകകപ്പായി 2026 ടൂർണമെന്റ്!
ന്യൂയോർക്ക്: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മാമാങ്കമായി 2026 ഫിഫ ലോകകപ്പ് മാറുന്നു. ടിക്കറ്റ് നിരക്കുകളിലും താമസസൗകര്യങ്ങളിലും ഉണ്ടായ അഭൂതപൂർവ്വമായ വിലവർദ്ധനവ്, സാധാരണക്കാരായ സാധാരണ ഫുട്ബോൾ ആരാധകരെ സ്റ്റേഡിയങ്ങളിൽ നിന്ന് അകറ്റിനിർത്തുന്ന അവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദശകങ്ങളിൽ ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്തും, ക്യാമ്പർ വാനുകളിൽ ഉറങ്ങിയും ലോകകപ്പ് മത്സരങ്ങൾ നേരിൽ കണ്ടിരുന്ന സാധാരണ വരുമാനക്കാരായ ആരാധകർക്ക് ഈ ടൂർണമെന്റ് പൂർണ്ണമായും അപ്രാപ്യമായിരിക്കുകയാണ്. നിലവിൽ വലിയ സാമ്പത്തിക ശേഷിയുള്ള ‘ധനികരായ’ കാണികളുടെ കൈകളിലേക്ക് ടൂർണമെന്റ് ഒതുങ്ങുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫിഫ ഇത്തവണ നടപ്പിലാക്കിയ ‘ഡയനാമിക് പ്രൈസിങ്’ (ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് വില മാറുന്ന രീതി) സംവിധാനമാണ് ടിക്കറ്റ് നിരക്കുകൾ ഇത്രമേൽ വർദ്ധിക്കാൻ പ്രധാന കാരണം. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ഔദ്യോഗികമായി നിശ്ചയിച്ച ഉയർന്ന ടിക്കറ്റ് നിരക്ക് 575 ഡോളർ ആയിരുന്നെങ്കിൽ, റീസെയിൽ (രണ്ടാം ഘട്ട വിൽപ്പന) മാർക്കറ്റുകളിൽ ഇത് 1,000 ഡോളറിനും മുകളിലാണ്. മുൻ ലോകകപ്പുകളിൽ (2022-ൽ പരമാവധി 220 ഡോളർ) നിന്ന് വലിയൊരു വർദ്ധനവാണിത്. സെക്കൻഡറി റീസെയിൽ വെബ്‌സൈറ്റുകളിൽ വരാനിരിക്കുന്ന മത്സരങ്ങളുടെ ശരാശരി കുറഞ്ഞ ടിക്കറ്റ് നിരക്ക് തന്നെ നിലവിൽ 1,600 ഡോളറിലെത്തി നിൽക്കുന്നു. ഫാമിലിയുമായി കളി കാണാൻ എത്തുന്നവർക്ക് ടിക്കറ്റിനായി മാത്രം ലക്ഷക്കണക്കിന് രൂപയാണ് ചെലവിടേണ്ടി വരുന്നത്.
എങ്കിലും, ഫുട്ബോൾ ഭ്രാന്ത് തലയ്ക്കുപിടിച്ച പണക്കാരായ ആരാധകർ ഏതുവിധേനയും പണം കണ്ടെത്തി സ്റ്റേഡിയത്തിലേക്ക് ഒഴുകുന്നുമുണ്ട്. പല ധനികരായ കായിക പ്രേമികളും ടൂർണമെന്റ് പുരോഗമിക്കുന്നതിനനുസരിച്ച് തങ്ങളുടെ പ്രിയപ്പെട്ട ടീമുകൾ നോക്കൗട്ടിൽ എത്തുമ്പോൾ മാത്രം വിമാന ടിക്കറ്റുകളും ലക്ഷങ്ങൾ വിലമതിക്കുന്ന ലക്ഷ്വറി വി.ഐ.പി പാക്കേജുകളും അവസാന നിമിഷം ബുക്ക് ചെയ്യുന്ന പുതിയ പ്രവണതയും കാണിക്കുന്നുണ്ട്. ടിക്കറ്റ് നിരക്കുകൾ അതിരൂക്ഷമാണെങ്കിലും ആളുകൾ പണം നൽകാൻ തയ്യാറാണെന്നും, യു.എസ് പോലുള്ള വലിയ വിനോദ വിപണിക്ക് അനുയോജ്യമായ നിരക്കുകളാണ് ഇവയെന്നുമാണ് ഫിഫ അധികൃതരുടെ വാദം. എങ്കിലും, ഭൂരിഭാഗം വരുന്ന സാധാരണക്കാരായ ആരാധകരെ സംബന്ധിച്ച് കളി ടിവിയിൽ കാണുകയല്ലാതെ മറ്റ് വഴികളില്ലാത്ത അവസ്ഥയാണിപ്പോഴുള്ളത്.



