Thu, 6 August 2026
Kerala

സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ  അഭ്യർത്ഥിച്ച് മന്ത്രി പിസി വിഷ്ണുനാഥ്, വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്; അതീവ ജാഗ്രത വേണ്ട സമയമാണെന്നും മൂഴിയാർ ഡാം ഏതുസമയവും തുറക്കേണ്ടി വരും, മുന്നറിയിപ്പ് അനൗൺസ്‌മെൻ്റ്

Newtalks Desk

പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്തമഴ തുടരുന്ന പശ്ചാത്തലത്തിൽ അധികൃതരുമായി ജനം സഹകരിക്കണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയ്യാറാകണമെന്നും അഭ്യർത്ഥിച്ച് മന്ത്രി പിസി വിഷ്ണുനാഥ്. ആളുകൾ ജാഗ്രതാ നിർദ്ദേശം കർശനമായി പാലിക്കണം. ക്യാമ്പുകളിലേക്ക് ഉടൻ മാറണം. വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്. അതീവ ജാഗ്രത വേണ്ട സമയമാണെന്നും മൂഴിയാർ ഡാം ഏതുസമയവും തുറക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

നിറപുത്തിരിക്ക് ആയി ശബരിമല നട തുറന്നിരിക്കുകയാണ്. ശബരിമലയിലേക്ക് പോകരുത് എന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിക്കുന്നുണ്ട്. എല്ലാവരും പാലിക്കണമെന്നും അഭ്യർത്ഥിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. പത്തനംതിട്ടയിൽ അതീവ ഗുരുതര സാഹചര്യം തുടരുകയാണ്. റാന്നിയും ആറൻമുളയും വീണ്ടും കടുത്ത പ്രളയ ഭീഷണിയിലായി. മൂഴിയാർ ഡാം ഏതു സമയത്തും തുറക്കും. കൊല്ലത്തുനിന്ന് കൂടുതൽ മത്സ്യ ബോട്ടുകൾ പത്തനംതിട്ടയിലേക്ക് തിരിച്ചു. ശബരിമലയിലേക്ക് ഇന്ന് ഭക്തരെ കടത്തി വിടില്ല. അപ്പർ കുട്ടനാട് വെള്ളത്തിൽ മുങ്ങി. കുറ്റൂർ, പെരിങ്ങര, നെടുംമ്പ്രം, നിരണം, കടപ്ര, തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങി. നൂറുകണക്കിന് വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ രാത്രി നിർത്താതെ പെയ്ത കനത്ത മഴയെ തുടർന്ന് മേഖലയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ജനങ്ങൾ മാറി താമസിക്കണമെന്ന മുന്നറിയിപ്പ് അനൗൺസ്‌മെന്റ് കോഴഞ്ചേരി അടക്കം മേഖലകളിൽ നൽകുകയാണ്.

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ റിപ്പോർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ റിപ്പോർട്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് ആണ്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നീളുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ശക്തമായത്. കാലാവസ്ഥ മോശമായതിനാൽ കേരളതീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം ഉണ്ട്.

12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കളക്ടർമാർ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കളക്ടർമാർ. അവസാനമായി ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ, കാസർകോട്, കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, തൃശ്ശൂർ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്. എന്നാൽ പൊതുപരീക്ഷകൾക്ക് മാറ്റമില്ല.


Leave a Reply

Your email address will not be published. Required fields are marked *