Tue, 28 July 2026
KeralaPolitics

സൗജന്യയാത്ര;സ്വാഗതം ചെയ്ത് സുരേഷ് ഗോപി, വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതിയെ അംഗീകരിക്കാനാവില്ലെന്ന് രാജീവ് ചന്ദ്രശേഖർ

Newtalks Desk

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സൗജന്യയാത്രാ പദ്ധതിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വളരെ ഇഷ്ടപ്പെട്ട പദ്ധതിയാണ് ഇതെന്നും പല സംസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തിന്റെ സാമ്പത്തിക കെൽപ്പനുസരിച്ച് ഭാഗികമായും പൂർണ്ണമായും നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പല സംസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തിന്റെ സാമ്പത്തിക കെൽപ്പ് അനുസരിച്ചാണ് പദ്ധതി ഭാഗികമായും പൂർണ്ണമായും നടപ്പാക്കിയിട്ടുള്ളത്. സാമ്പത്തിക നില മെച്ചപ്പെടുന്നതോടെ ഇതിന്റെ വ്യാപ്തി കൂടുതൽ വർധിക്കും’- സുരേഷ് ഗോപി പറഞ്ഞു. ഇന്നത്തെ കാലത്ത്, ആണുങ്ങളേക്കാൾ കൂടുതൽ പെണ്ണുങ്ങൾ ജോലിക്കും വീട്ടിലേക്കുള്ള ആവശ്യങ്ങൾക്കുമായി പുറത്തു പോകുന്നു. പണ്ട് ഇങ്ങനെ ഇല്ലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്ത്രീകൾക്കു വേണ്ടി ഇങ്ങനൊരു സംവിധാനം ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം പദ്ധതിയെ എതിർത്ത് ബി.ജെ.പി രംഗത്ത് വന്നു. വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതിയെ അംഗീകരിക്കാനാവില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

“സ്ത്രീകൾക്കുള്ള സൗജന്യ യാത്ര” പദ്ധതിയുടെ നേമത്തെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിനായി  ക്ഷണിച്ചതിന് കെ.എസ്.ആർ.ടി.സി പാപ്പനംകോട് ഡിപ്പോയ്ക്ക് ഞാൻ നന്ദി അറിയിക്കുന്നു.

പ്രധാനമന്ത്രി വിഭാവനം ചെയ്ത സ്ത്രീശാക്തീകരണ-ജനക്ഷേമ പദ്ധതികളെ ശക്തമായി പിന്തുണയ്ക്കുന്നു. എന്നാൽ വ്യക്തമായ ചില നിലപാടുകളുടെ അടിസ്ഥാനത്തിൽ “സ്ത്രീകൾക്കുള്ള സൗജന്യ യാത്ര” പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര സാധാരണ ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താനുള്ള വിഡി സതീഷൻ സർക്കാരിന്റെ തീരുമാനം, തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ ‘ഇന്ദിര ഗ്യാരണ്ടി’ വാഗ്ദാനത്തിൽ നിന്ന് കോൺഗ്രസ് പിന്നോട്ട് പോകുന്നതിന്റെ വ്യക്തമായ തെളിവാണ്.

വോട്ട് നേടാൻ വേണ്ടി എല്ലാ ബസുകളിലും സൗജന്യ യാത്ര വാഗ്ദാനം ചെയ്ത കോൺഗ്രസ്, അധികാരത്തിൽ വന്നതിന് ശേഷം ആ വാഗ്ദാനത്തിൽ വെള്ളം ചേർത്തിരിക്കുകയാണ്.

സമാനമായ വാഗ്ദാനം നൽകിയ ബംഗാളിലെ ബി.ജെ.പി സർക്കാർ, എല്ലാ സർക്കാർ ബസുകളിലും അത് കൃത്യമായി നടപ്പിലാക്കി കാണിച്ച് ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുക എന്നത് കോൺഗ്രസ് സർക്കാരുകളുടെ ഒരു സ്ഥിരം ശൈലിയായി മാറിയിരിക്കുകയാണ്. കർണാടകയിലും തെലങ്കാനയിലും ഹിമാചൽ പ്രദേശിലും കാണിച്ച അതേ വഞ്ചന തന്നെയാണ് കോൺഗ്രസ് ഇപ്പോൾ കേരളത്തിലും ആവർത്തിക്കുന്നത്.

വോട്ടിനായി വാഗ്ദാനങ്ങൾ നൽകുകയും, ജയിച്ച ശേഷം ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്ന കാര്യത്തിൽ കോൺഗ്രസിനും സി.പി.എമ്മിനും ഒരേ നിലപാടാണ്. അവർ രണ്ടല്ല, ഒന്നാണ്.

ഈ തട്ടിപ്പ് കേരളത്തിൽ ഇനിയും ഇതുപോലെ ആവർത്തിക്കാൻ  ബി.ജെ.പി/എൻ.ഡി.എ മുന്നണിയോ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിന്റെ ഭാഗമായി ഇന്ന് വിവിധ ഭാഗങ്ങളിൽ ബി.ജെ.പി  പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചു.


Leave a Reply

Your email address will not be published. Required fields are marked *