മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 9) അവധി
മലപ്പുറം: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (09.07.2026, വ്യാഴം) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിനായി പ്രഖ്യാപിച്ച അവധി ഉത്തരവിൽ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയും ഉൾപ്പെടുന്നു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
നാളെ നഷ്ടപ്പെടുന്ന പ്രവൃത്തി ദിനങ്ങൾക്ക് പകരമായി ക്ലാസുകൾ പിന്നീട് നികത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ പരക്കെ മഴ ശക്തമായി തുടരുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.



