Sat, 12 September 2026
Kerala

ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം: ബിഗ് ടിവി അവതാരക അപർണ കുറുപ്പിനെതിരെ കേസ്

Newtalks Desk

ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശം വിദ്വേഷപരവും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന പരാതിയിൽ ബിഗ് ടിവി ചാനൽ അവതാരക അപർണ കുറുപ്പിനെതിരെ കേസ്. കാസർഗോഡ് സ്വദേശിയുടെ പരാതിയിലാണ് കൊച്ചി സിറ്റി സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സ്ത്രീകളെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് ബിഗ് ടിവി നടത്തിയ ‘ബിഗ് ഡയലോഗ്’ ചാനൽ ചർച്ചയ്ക്കിടെയാണ് അപർണ കുറുപ്പിന്റെ പരാമർശം വിവാദമായത്. പരിപാടിക്ക് പിന്നാലെ അവതാരകയുടെ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.

വിവാദം ശക്തമായതിന് പിന്നാലെ തന്റെ പരാമർശങ്ങൾ ആരുടെയെങ്കിലും മതവികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നതായി അപർണ കുറുപ്പ് അറിയിച്ചിരുന്നു. തുടർന്ന് ചാനൽ ചർച്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിക്കുകയും ചെയ്തു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അപർണ കുറുപ്പ് നൽകിയ പരാതിയിൽ സൈബർ ആക്രമണവും വധഭീഷണിയും ആരോപിച്ച് നേരത്തെ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അപർണ കുറുപ്പിനെതിരെയും പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തനിക്കെതിരെയുള്ള കേസിനെ നിയമപരമായി നേരിടുമെന്ന് ഡോ. അബ്ദുല്ല ബാസിൽ. അവതാരകയാണ് തിരുത്തേണ്ടതെന്നും തന്റെ ഭാഗത്ത് ഒരു തെറ്റും ഉണ്ടായിട്ടില്ലെന്നും ബാസിൽ പ്രതികരിച്ചു. വംശീയ വർഗീയ വാക്കുകളാണ് അവതാരിക ഉപയോഗിച്ചത്. അതിനെ ചർച്ചയിൽ തന്നെ എതിർത്തു. ന്യൂസ് റൂമുകൾ വംശീയതയുടെ കളമാകുന്നത് തിരിച്ചറിയണം. തന്റെ വീഡിയോക്ക് താഴെ കമന്റ് ഇട്ടിട്ടുണ്ടെങ്കിൽ കമന്റിട്ടവർക്കെതിരെയാണ് കേസെടുക്കേണ്ടത്. ബാസിൽ പറഞ്ഞു


Leave a Reply

Your email address will not be published. Required fields are marked *