ഫോട്ടോ കൊടുത്താൽ നിമിഷങ്ങൾക്കകം നഗ്നചിത്രം! പ്രചരിപ്പിക്കാൻ പ്രത്യേക ഗ്രൂപ്പുകൾ;ഭാരതമാതാ കോളജ് കേസിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ
ഭാരതമാതാ കോളജിലെ മോർഫിങ് കേസിൽ അറസ്റ്റിലായ ബിബിഎ രണ്ടാം വർഷ വിദ്യാർത്ഥി വി.എസ്. ശ്രീഹരിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിൽ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ. സാധാരണ ചിത്രങ്ങൾ നൽകിയാൽ മിനിറ്റുകൾക്കകം അവ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണ് സംഘം ഉപയോഗിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി.
തൃക്കാക്കര ഭാരതമാതാ കോളജിലെ മോർഫിങ് കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ. പണം വാങ്ങി അശ്ലീല ചിത്രങ്ങൾ വിറ്റ സംഭവത്തിൽ അറസ്റ്റിലായ രണ്ടാംവർഷ ബിബിഎ വിദ്യാർഥി വി.എസ് ശ്രീഹരിയുടെ ഫോണിൽനിന്നാണ് വൻ റാക്കറ്റിൻ്റെ വിവരങ്ങൾ പുറത്ത് വന്നത്.
കാമ്പസിലെ വിവിധ പരിപാടികൾക്കിടെ പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് മോർഫിങ് . വ്യാജ ചിത്രങ്ങളും വീഡിയോകളും ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് പ്രതി പ്രചരിപ്പിച്ചിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കാമ്പസിൽ വ്യാപക പ്രതിഷേധം ഉയർന്നു.
തുടർന്ന് വിദ്യാർഥികൾ തന്നെ ശ്രീഹരിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതിയുടെ ഗാലറിയിൽ ഗേൾസ് ഹോസ്റ്റൽ മുറികളിലെ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ക്ലാസ് മുറികളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും അവർ അറിയാതെ പകർത്തുകയും അശ്ലീലമായി പ്രചരിപ്പിക്കുകയും ചെയ്തു.
നഗ്നചിത്രങ്ങൾ പണം വാങ്ങി വിറ്റതിൻ്റെ വിശദാംശങ്ങളും ടെലഗ്രാം ചാറ്റുകളിൽനിന്ന് വിദ്യാർഥികൾ കണ്ടെത്തിയിട്ടുണ്ട്. സാധാരണ ചിത്രങ്ങൾ ഒരു പ്രത്യേക ടെലഗ്രാം ചാറ്റിലേക്ക് അയച്ചുകൊടുക്കുകയും, അവിടെനിന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ തിരികെ ലഭിക്കുകയുമായിരുന്നു. ഇതൊരു ബോട്ടാണോ അതോ മറ്റാരെങ്കിലും പ്രവർത്തിപ്പിക്കുന്നതാണോ എന്ന് വ്യക്തമല്ല.
അഡ്മിൻമാർ മാത്രമുള്ള പ്രത്യേക ഗ്രൂപ്പുകൾ വഴിയാണ് ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ഇവർ മറ്റ് ഗ്രൂപ്പുകളിലേക്കും ഇത് ഷെയർ ചെയ്യുന്നുണ്ട്. 18 വയസ്സിൽ താഴെയുള്ള വിദ്യാർഥികളുടെ ചിത്രങ്ങൾ പോലും ഇത്തരത്തിൽ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതായാണ് വിവരം.
അന്വേഷണം ഊർജിതമാക്കി പൊലീസ്
സംഭവത്തിന് പിന്നാലെ വിദ്യാർഥിയെ പുറത്താക്കിയതായി കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. പൊലീസിൽ പരാതി നൽകാനും മാനേജ്മെൻ്റ് തീരുമാനിച്ചു. തുടർന്നാണ് തൃക്കാക്കര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 2025 ഡിസംബർ മുതൽ പ്രതി ഇത്തരത്തിൽ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നതായാണ് പൊലീസിൻ്റെ എഫ്ഐആറിൽ പറയുന്നത്.
പ്രതിയുടെ മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് വിശദമായി പരിശോധിക്കും. സൈബർ വിദഗ്ധരുടെ സഹായത്തോടെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ചിത്രങ്ങൾ നിർമിക്കാൻ ഉപയോഗിച്ച സാങ്കേതികവിദ്യ, ടെലഗ്രാം ഗ്രൂപ്പുകളുടെ വിവരങ്ങൾ, ഏതൊക്കെ പ്ലാറ്റ്ഫോമുകൾ വഴി ദൃശ്യങ്ങൾ കൈമാറി തുടങ്ങിയ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണ്.
എറണാകുളത്തെ വിവിധ കോളജുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു റാക്കറ്റ് ഇതിന് പിന്നിലുണ്ടെന്നാണ് സംശയം. ഭാരതമാതാ കോളജിലെ എട്ടുപേർ ഉൾപ്പെടെ നിരവധി പേർക്ക് ഇതിൽ പങ്കുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. എന്നാൽ നിലവിൽ മറ്റ് വിദ്യാർഥികൾക്ക് പങ്കുള്ളതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കോളജ് അധികൃതർ വ്യക്തമാക്കി. അതേസമയം, സംഭവത്തിൻ്റെ ഗൗരവം ബോധ്യപ്പെട്ടിട്ടും വിദ്യാർഥിയെ ലോക്കൽ ഗാർഡിയനൊപ്പം വിട്ടയക്കാൻ കോളജ് അധികൃതർ ആദ്യം തയ്യാറായെന്ന് ആരോപിച്ചായിരുന്നു വിദ്യാർഥികൾ കോളജ് കവാടത്തിൽ പ്രതിഷേധ സമരം നടത്തിയത്.
കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായി തൃക്കാക്കര എംഎൽഎ ഉമ തോമസ് പറഞ്ഞു. കാമ്പസുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.
കഴിഞ്ഞ രണ്ടുമാസങ്ങൾക്ക് മുമ്പ് മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളുടെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ മോശമായി പ്രചരിപ്പിച്ച കേസിൽ എബേൽ അഗസ്റ്റിൻ എന്ന വിദ്യാർഥിയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
പ്രതിയായ എബേൽ അഗസ്റ്റിൻ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. പെൺകുട്ടികളുടെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽനിന്ന് അനുവാദമില്ലാതെ എടുത്ത ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.



