വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ ധാരണയായി
സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗത്തിന്റെ അതൃപ്തി പരിഹരിക്കുന്നതിന്റെ ഭാഗമായി നിര്‍ണായക തീരുമാനം. വഖഫ് ബോര്‍ഡില്‍ കാന്തപുരം വിഭാഗത്തിന് അര്‍ഹമായ പ്രതിനിധിയെ നല്കാന് ധാരണയായി. നിലവില്‍ വഖഫ് ബോര്‍ഡ് അംഗമായിട്ടുള്ള തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ആ സ്ഥാനത്തുനിന്ന് ഒഴിയും. പകരം കാന്തപുരം വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിക്ക് വഖഫ് ബോര്‍ഡില്‍ പദവി നല്‍കാനാണ് തീരുമാനം.
അതേസമയം, ഹജ്ജ് കമ്മിറ്റി ചെയര്മാന് സ്ഥാനത്തുനിന്ന് ഹുസൈന് സഖാഫി ചുള്ളിക്കോട് പദവി ഒഴിയുമ്പോള്‍, പകരം ആ സ്ഥാനത്തേക്ക് എത്തുന്ന തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് വിശാലമായ അനുഭവസമ്പത്താണുള്ളത്. ഹജ്ജ് കാര്യങ്ങളിലും ഇസ്ലാമിക കര്‍മ്മശാസ്ത്ര രംഗത്തും ദീര്‍ഘകാലത്തെ സേവന പാരമ്പര്യമുള്ള അദ്ദേഹത്തിന്റെ വരവ് ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ നിര്‍ണായക ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കിയ കെ.പി. നൗഷാദലി എം.എല്‍.എയുടെ ഇടപെടല്‍ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ ദൂരീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. തുടക്കത്തിലുണ്ടായ അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം ഇരു വിഭാഗങ്ങളുടെയും മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിയാലോചനകളാണ് ഇപ്പോള്‍ അന്തിമ തീരുമാനത്തിലെത്തിയിരിക്കുന്നത്.
വരുന്ന ദിവസങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളും ചുമതലയേല്‍ക്കലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാറ്റങ്ങള്‍ സര്‍ക്കാരിനും മുസ്ലിം ലീഗ് നേതൃത്വത്തിനും സമുദായ സംഘടനകള്‍ക്കും ഇടയിലെ ബന്ധം കൂടുതല്‍ സുഗമമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതിഷേധ സമരങ്ങള്‍ മാറ്റിവെച്ചു
സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടനയിലെ അവഗണനയ്ക്കെതിരെ കാന്തപുരം വിഭാഗം (കേരള മുസ്ലിം ജമാഅത്ത്) ആഹ്വാനം ചെയ്തിരുന്ന പ്രതിഷേധ സമരങ്ങള്‍ മാറ്റിവെച്ചതായി പ്രഖ്യാപിച്ചു. വഖഫ് ബോര്‍ഡില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുനല്‍കിക്കൊണ്ട് ധാരണയായതിനെയും കെ.പി. നൗഷാദലി എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന വിജയകരമായ സമവായ ചര്‍ച്ചകളെയും തുടര്‍ന്നാണ് തീരുമാനം.
വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ ശക്തമായ അമര്‍ഷത്തിലായിരുന്ന കാന്തപുരം വിഭാഗം വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എഡിറ്റോറിയലുകളിലൂടെയും പത്രസമ്മേളനങ്ങളിലൂടെയും പരസ്യമായി വിയോജിപ്പ് അറിയിച്ച സംഘടന, സര്‍ക്കാരും ലീഗ് നേതൃത്വവും നടത്തിയ വഞ്ചനയ്ക്കെതിരെ ജനകീയ പോരാട്ടത്തിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
സമസ്ത (ഇ.കെ വിഭാഗം) പ്രതിനിധിയായി എം.പി. മുസ്തഫൽ ഫൈസിയെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സംഘടനക്കകത്ത് വിവിധ ചർച്ചകളും വിമർശനങ്ങളും ഉയർന്നിരുന്നു. അച്ചടക്ക ലംഘനത്തിന്റെ പേരിൽ സമസ്ത മുശാവറയിൽ നിന്ന് നേരത്തെ പുറത്താക്കപ്പെട്ട ഒരാളെ സമസ്തയുടെ പ്രതിനിധിയായി ഉൾപ്പെടുത്തിയത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എം.സി. മായിൻ ഹാജിയെ ചെയർമാനായി തിരഞ്ഞെടുത്തുകൊണ്ടുള്ള പുതിയ പുനഃസംഘടനയ്ക്കെതിരെ മുൻ ചെയർമാൻ കെ.എസ്. ഹംസ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.



