മാലിന്യ ടാങ്കിൽ കുടുങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു; രക്ഷിക്കാനിറങ്ങിയ ആൾ ആശുപത്രിയിൽ
കോഴിക്കോട് മൂട്ടോളിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മാലിന്യ ടാങ്കിലെ പലകകൾ ഇളക്കി മാറ്റുന്നതിനിടെ പാലത്ത് സ്വദേശി സിറാജ് (40) എന്ന തൊഴിലാളി ദാരുണമായി മരണപ്പെട്ടു. മൂട്ടോളി കുരുവട്ടൂർ റോഡിലുള്ള സലാഹ് പ്ലാസ എന്ന കെട്ടിടത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
സഹപ്രവർത്തകരുടെ ബഹളം കേട്ട് സിറാജിനെ രക്ഷിക്കാനായി ടാങ്കിലേക്ക് ഇറങ്ങിയ സമീപത്തെ കടയിലെ ജീവനക്കാരനായ സുനിലിനും ഉള്ളിൽ വെച്ച് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ വെള്ളിമാട്കുന്ന് ഫയർഫോഴ്സ് സംഘമാണ് ഇരുവരേയും ടാങ്കിൽ നിന്നും പുറത്തെടുത്തത്. ഗുരുതരാവസ്ഥയിലായിരുന്ന സിറാജിനെ കക്കോടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സുനിൽ നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്; ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



