Tue, 28 July 2026
HealthIndia

പ്രമേഹ രോഗികൾക്ക് വലിയ ആശ്വാസം; ആഴ്ചയിലൊരിക്കൽ മാത്രം എടുക്കാവുന്ന ഇൻസുലിൻ ‘അവിക്ലി’ ഇന്ത്യൻ വിപണിയിൽ

Newtalks Desk

ന്യൂഡൽഹി: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന പ്രമേഹബാധിതരുടെ എണ്ണം കണക്കിലെടുത്ത്, പ്രമേഹ ചികിത്സാ രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിവെക്കാവുന്ന വിപ്ലവകരമായ പുതിയ ഇൻസുലിൻ വിപണിയിലെത്തിച്ച് പ്രമുഖ ഡാനിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവോ നോർഡിസ്ക്. ആഴ്ചയിലൊരിക്കൽ മാത്രം ഉപയോഗിച്ചാൽ മതിയാകുന്ന ലോകത്തിലെ ആദ്യത്തെ ബേസൽ ഇൻസുലിൻ (Basal Insulin) ആയ ‘അവിക്ലി’ (Awiqli) ആണ് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. നിലവിൽ രോഗികൾ പ്രതിവർഷം 365 ഇൻസുലിൻ കുത്തിവെയ്പ്പുകൾ എടുക്കേണ്ട സ്ഥാനത്ത്, പുതിയ മരുന്നിന്റെ വരവോടെ ഇത് വെറും 52 ആയി കുറയുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹബാധിതരായ മുതിർന്നവർക്ക് ഈ ഇൻസുലിൻ ഉപയോഗിക്കാമെന്ന് കമ്പനി വ്യക്തമാക്കി.

​ഇന്ത്യയിൽ ഏകദേശം 10.1 കോടി ജനങ്ങൾ പ്രമേഹബാധിതരാണെന്നും 13.6 കോടിയോളം ആളുകൾ പ്രീ-ഡയബറ്റിസ് (Prediabetes) ഘട്ടത്തിലാണെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുത്തിവെയ്പ്പുകളോടുള്ള ഭയവും വേദനയും സാമ്പത്തിക ബാധ്യതയും കാരണം ഇന്ത്യയിലെ ഭൂരിഭാഗം രോഗികളും ഡോക്ടർമാർ നിർദ്ദേശിക്കുന്നതിലും ഏഴോ ഒൻപതോ വർഷം വൈകിയാണ് ഇൻസുലിൻ ചികിത്സ ആരംഭിക്കുന്നത്. ഈയൊരു മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾക്ക് വലിയൊരു പരിഹാരമാണ് അവിക്ലി.

​വിലയുടെ കാര്യത്തിലും സാധാരണക്കാർക്ക് അനുയോജ്യമായ രീതിയിലാണ് അവിക്ലി വിപണിയിലെത്തിക്കുന്നത്. 70 ഇൻസുലിൻ യൂണിറ്റുകൾ അടങ്ങുന്ന ഒരാഴ്ചത്തെ ഡോസിന് 261 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. വിപണിയിൽ നിലവിലുള്ള പ്രതിദിന ഇൻസുലിനുകളുടെ ഇതേ ഡോസിന് 345 മുതൽ 453 രൂപ വരെ ചിലവ് വരുമ്പോഴാണ് ഈ കുറഞ്ഞ നിരക്ക്. 1 മില്ലിലിറ്റർ (700 യൂണിറ്റ്), 3 മില്ലിലിറ്റർ (2100 യൂണിറ്റ്) എന്നിങ്ങനെ രണ്ട് വേരിയന്റുകളിലുള്ള പ്രീഫിൽഡ് പേനുകളായിട്ടാണ് (Prefilled Pens) ഇത് ലഭ്യമാകുക. ഇവയ്ക്ക് യഥാക്രമം 2,611 രൂപയും 7,833 രൂപയുമാണ് വില.

അമേരിക്കയിലും യൂറോപ്യൻ യൂണിയനിലും നേരത്തെ തന്നെ അംഗീകാരം ലഭിച്ച ഈ ഇൻസുലിൻ പുറത്തിറങ്ങുന്ന ലോകത്തിലെ ഏഴാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ വിപണിയിൽ സനോഫിയുടെ ‘ലാന്റസ്’ (Lantus) പോലുള്ള പ്രമുഖ ബ്രാൻഡുകളോടും ബയോകോൺ, ലുപിൻ തുടങ്ങിയ ആഭ്യന്തര കമ്പനികളുടെ ഇൻസുലിൻ ഉൽപ്പന്നങ്ങളോടുമാണ് അവിക്ലി മത്സരിക്കുക. പ്രമേഹത്തിന് പുറമെ ഇന്ത്യയിൽ അതിവേഗം വളരുന്ന പൊണ്ണത്തടി (Obesity) ചികിത്സാ വിപണിയിലും തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ നോവോ നോർഡിസ്ക് ലക്ഷ്യമിടുന്നുണ്ട്. അടുത്ത ആഴ്ച മുതൽ രാജ്യത്തുടനീളമുള്ള ഫാർമസികളിൽ ഈ ഇൻസുലിൻ ലഭ്യമായിത്തുടങ്ങും.


Leave a Reply

Your email address will not be published. Required fields are marked *