Tue, 28 July 2026
KeralaPoliticsUncategorized

വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിഘടന: വിയോജിപ്പുണ്ടായിരുന്നെങ്കിലും മന്ത്രിസഭാ തീരുമാനത്തിനൊപ്പം നിന്നുവെന്ന് കെ.എം. ഷാജി

Newtalks Desk

ന്യൂഡല്‍ഹി: വീര്യംകുറഞ്ഞ മദ്യത്തിന് പ്രത്യേക നികുതിഘടന നിശ്ചയിച്ച കാര്യത്തില്‍ മുസ്‌ലിം ലീഗിന് വിയോജിപ്പ് ഉണ്ടായിരുന്നുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി സമ്മതിച്ചു. എന്നാൽ മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിനൊപ്പം ലീഗ് ഉറച്ചുനിൽക്കുകയായിരുന്നു. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നതാണ് ലീഗിന്റെ പ്രഖ്യാപിത നിലപാടെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ബജറ്റിലെ മദ്യനികുതി ഘടന പ്രഖ്യാപിച്ചതിനെതിരെ പ്രതിപക്ഷത്തുനിന്ന് ഉൾപ്പെടെ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ്, യു.ഡി.എഫിലെ പ്രധാന കക്ഷികളിലൊന്നായ ലീഗിന്റെ വിയോജിപ്പ് മന്ത്രി പരസ്യമാക്കുന്നത്.

​”ലീഗ് ഈ തീരുമാനത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നില്ല. വിയോജിപ്പുള്ളതുകൊണ്ടാണല്ലോ സാദിഖലി തങ്ങൾ മുൻപ് നിലപാട് വ്യക്തമാക്കിയത്. എന്നാൽ, വ്യക്തിപരമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും കാബിനറ്റിന്റെ കൂട്ടായ തീരുമാനത്തോടൊപ്പമാണ് ഞങ്ങൾ ഒടുവിൽ നിലകൊണ്ടത്. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം കഴിക്കരുതെന്നു പറയുന്നവരാണ് ഞങ്ങൾ. എല്ലാ വിഭാഗങ്ങളുടെയും വോട്ട് വാങ്ങിയാണ് യു.ഡി.എഫ് അധികാരത്തിൽ വന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിന്റെ പേരിൽ മാത്രം പൊതുവായ സർക്കാർ തീരുമാനം റദ്ദാക്കാനാകില്ല,”- കെ.എം. ഷാജി വ്യക്തമാക്കി.

നേരത്തെ ലീഗിന്റെ പാർലമെന്ററി പാർട്ടി യോഗത്തിലും ബജറ്റ് പ്രഖ്യാപനത്തോടുള്ള കടുത്ത വിയോജിപ്പ് പ്രകടമായിരുന്നു. എന്നാൽ, ഇത്തരമൊരു നയം മുൻപ് എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച തീരുമാനങ്ങളുടെ തുടർച്ച മാത്രമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തിയതോടെയാണ് ലീഗ് ഒടുവിൽ പ്രഖ്യാപനത്തെ പിന്തുണയ്ക്കാൻ തയ്യാറായത്. സർക്കാരിനെ പ്രതിസന്ധിയിലാക്കാതിരിക്കാൻ പരസ്യമായ എതിർപ്പുകളിൽ നിന്ന് പിന്മാറണമെന്ന നയമാണ് ലീഗ് സ്വീകരിച്ചത്.


Leave a Reply

Your email address will not be published. Required fields are marked *