വാട്സാപ്പ് വെബ് പതിപ്പിലും ഗ്രൂപ്പ് വോയ്‌സ്, വീഡിയോ കോളിംഗ് സൗകര്യങ്ങൾ അവതരിപ്പിക്കുന്നു
മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്സാപ്പ് വെബ് പതിപ്പിലും ഗ്രൂപ്പ് വോയ്‌സ്, വീഡിയോ കോളിംഗ് സൗകര്യങ്ങൾ അവതരിപ്പിക്കുന്നു. നിലവിൽ തിരഞ്ഞെടുത്ത ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് ഈ ഫീച്ചർ എത്തുമെന്നാണ് പ്രതീക്ഷ.
2026 ഫെബ്രുവരി മുതൽ തന്നെ ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമായി വാട്സാപ്പിന്റെ വെബ് പതിപ്പിൽ നേരിട്ട് വോയ്സ്കോളുകളും വീഡിയോകോളുകളും ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കിത്തുടങ്ങിയിരുന്നു. എന്നാൽ ഒരാളുമായി മാത്രം ഓഡിയോ, വീഡിയോ കോൾ ചെയ്യാനുള്ള സൗകര്യമാണ് ആദ്യം അവതരിപ്പിച്ചിരുന്നത്. സ്ക്രീൻ ഷെയറിങ് സൗകര്യവും ലഭ്യമാക്കിയിരുന്നു. ഇത് വിപുലീകരിച്ചുകൊണ്ടാണ് ഇപ്പോൾ ഗ്രൂപ്പ് കോളിങ് സൗകര്യവും എത്തിച്ചിരിക്കുന്നത്.
അംഗങ്ങളുടെ എണ്ണം: വെബ് പതിപ്പിലും ഒരേസമയം 32 പേരെ വരെ ഗ്രൂപ്പ് കോളുകളിൽ ഉൾപ്പെടുത്താൻ സാധിക്കും.
ഗ്രൂപ്പ് ചാറ്റ് വിൻഡോയുടെ മുകളിലായി നൽകിയിരിക്കുന്ന കോൾ ബട്ടൺ വഴി വോയ്‌സ് അല്ലെങ്കിൽ വീഡിയോ കോൾ തിരഞ്ഞെടുക്കാം. ഗ്രൂപ്പിലെ മുഴുവൻ ആളുകളെയും അല്ലെങ്കിൽ നമുക്ക് ആവശ്യമുള്ള നിശ്ചിത വ്യക്തികളെ മാത്രമായും കോളിൽ ഉൾപ്പെടുത്താൻ സാധിക്കും.
സിഗ്നൽ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വഴി ഈ കോളുകൾ സുരക്ഷിതമായിരിക്കും. സംഭാഷണങ്ങളിൽ ഏർപ്പെടുന്നവർക്ക് അല്ലാതെ വാട്സാപ്പിനോ മെറ്റയ്ക്കോ പോലും ഈ വിവരങ്ങൾ ആക്സസ് ചെയ്യാൻ കഴിയില്ല.
മറ്റ് സവിശേഷതകൾ: വീഡിയോ കോളുകൾക്കിടയിൽ ബ്രൗസറിൽ നിന്ന് തന്നെ ഡോക്യുമെന്റുകളോ സ്ലൈഡുകളോ അവതരിപ്പിക്കാൻ സഹായിക്കുന്ന സ്ക്രീൻ ഷെയറിംഗ് സൗകര്യം ലഭ്യമാണ്. കൂടാതെ, ഗ്രൂപ്പ് കോളുകളിലേക്ക് ആളുകളെ ക്ഷണിക്കാൻ ലിങ്കുകൾ (Call links) നിർമിക്കാനും സാധിക്കും. ഈ ലിങ്കുകൾ 30 ദിവസം ഉപയോഗിക്കാതിരുന്നാൽ സ്വയം എക്സ്പെയർ ആകും.



