Tue, 27 October 2026
Kerala

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, മലപ്പുറം ജില്ലയിൽ നാളെ റെഡ് അലേർട്ട്, മലപ്പുറം ജില്ലയിൽ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Newtalks Desk

മലപ്പുറം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ നാളെ (ഒക്ടോബർ 25 ഞായർ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ, പാരലൽ കോളേജുകൾ, മറ്റ് കോച്ചിങ് സെന്ററുകൾ എന്നിവയ്‌ക്കെല്ലാം അവധി ബാധകമായിരിക്കും.

​അതേസമയം, റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും ഈ അവധി ബാധകമല്ല. കൂടാതെ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സർവകലാശാലാ, പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

മലപ്പുറം ജില്ലയിൽ ശക്തമായ മഴയെത്തുടർന്ന് ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, വെള്ളക്കെട്ട് തുടങ്ങിയ അപകടങ്ങൾ ഒഴിവാക്കാൻ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ പകൽ സമയത്തുതന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറേണ്ടതാണ്. മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ വിനോദയാത്രകളും മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകളും പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.  അടിയന്തര ആവശ്യങ്ങൾക്കായി കെ.എസ്.ഇ.ബി ഹെൽപ്‌ലൈൻ നമ്പറായ 1912-ലോ, കൺട്രോൾ റൂം നമ്പറുകളായ 1077, 1070-ലോ ബന്ധപ്പെടാമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയുണ്ടാകാമെന്നും അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാമെന്നും അധികൃതര്‍ അറിയിച്ചു.

25-ാം തീയതി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 26-ാം തീയതി ഇടുക്കി, പാലക്കാട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഓറഞ്ച് അലർട്ട്

24/10/2026: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

25/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ

26/10/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

യെല്ലോ അലർട്ട്

24/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

25/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട്

26/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്

27/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന ലക്ഷദ്വീപ്നും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്‌നാട് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.

മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ശക്തി കൂടിയ ന്യൂനമർദ്ദം തുടരുന്നുണ്ട്. ഇന്ന് തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ഒക്ടോബർ 25‑ന് അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും ഒക്ടോബർ 26‑ന് രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി കൂടുതൽ ശക്തിപ്രാപിച്ച് ഒക്ടോബർ 28‑ന് രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒക്ടോബർ 25,26 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും ഒക്ടോബർ 24 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കി.മീ.വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

ചാലിയാർ പുഴയിൽ യുവാവ് ഒഴുക്കിൽ പെട്ടു

മലപ്പുറം ചാലിയാർ പുഴയിൽ യുവാവ് ഒഴുക്കിൽ പെട്ടു. വാഴക്കാട് ഊര്‍ക്കടവ് പാലത്തിന് സമീപമാണ് യുവാവ് അപകടത്തിൽ പെട്ടത്. പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു.


Leave a Reply

Your email address will not be published. Required fields are marked *