Tue, 27 October 2026
Kerala

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ജീവനൊടുക്കി; മരണത്തിന് കാരണം പോലീസിന്റെ ക്രൂരമായ മർദ്ദനവും മാനസിക പീഡനവുമെന്ന് പിതാവിന്റെ വെളിപ്പെടുത്തൽ

Newtalks Desk

കൊടുങ്ങല്ലൂർ:പതിനെട്ടുകാരന്റെ ജീവനെടുത്തത് കേരള പോലീസിന്റെ ക്രൂരമായ ഉരുട്ടിക്കളികളും മാനസിക പീഡനങ്ങളുമെന്ന് പിതാവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ സി.ഐ ബൈജു, എസ്.ഐ അതുൽ മോഹൻ എന്നിവരുടെ നേതൃത്വത്തിൽ പ്രായപൂർത്തിയാകാത്ത മകനെയും ജ്യേഷ്ഠനെയും മൂന്ന് ദിവസത്തോളം കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതായും, ഇതിന്റെ മനോവിഷമത്തിലാണ് ഇളയമകൻ മുഹമ്മദ് അസ്‌ലം (18) ആത്മഹത്യ ചെയ്തതെന്നും കാണിച്ച് പിതാവ് പഴുപറമ്പിൽ നൗഷാദ് രംഗത്ത്.

സെപ്റ്റംബർ 27-ന് വൈകുന്നേരമാണ് സംഭവിച്ച കാര്യങ്ങളുടെ തുടക്കം. കൊടുങ്ങല്ലൂർ ജനമൈത്രി പോലീസ് സ്റ്റേഷനിൽ നിന്ന് സി.ഐയാണെന്ന് അവകാശപ്പെട്ട് വിളിച്ച ഉദ്യോഗസ്ഥൻ, അസ്‌ലം പോലീസ് സ്റ്റേഷനിലുണ്ടെന്നും ഉടൻ എത്തണമെന്നും ആവശ്യപ്പെട്ടു. ടാക്സി ഡ്രൈവറായ പിതാവ് ഓട്ടത്തിലാണെന്നും, അത് തീർത്ത് ഉടൻ എത്താമെന്ന് അറിയിച്ചെങ്കിലും പോലീസ് ഇത് അംഗീകരിക്കാൻ തയ്യാറായില്ല. തുടർന്ന് വീട്ടിലെത്തിയ പിതാവ് വിവരമറിഞ്ഞ് സ്റ്റേഷനിലേക്ക് മൂത്ത മകനെ അയച്ചെങ്കിലും ഇരു മക്കളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്റ്റേഷനിലെത്തിയ പിതാവിനോട്, ഒരു പെൺകുട്ടിയുടെ കൈയിൽ നിന്ന് 20 പവൻ സ്വർണ്ണവും 50,000 രൂപയും ഭീഷണിപ്പെടുത്തി വാങ്ങി ഇന്നോവ കാർ വാങ്ങിയെന്നാണ് പോലീസ് ആരോപിച്ചത്. എന്നാൽ താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും, പെൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്ന താൻ അവളെ കാണാൻ അവളുടെ വീട്ടിൽ വെള്ളം ചോദിച്ചു ചെല്ലുക മാത്രമാണ് ചെയ്തതെന്നും അസ്‌ലം പിതാവിനോട് കരഞ്ഞുപറഞ്ഞിരുന്നു.

മക്കളുടെ മുന്നിലിട്ട് ക്രൂര മർദ്ദനം; കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപണം:

ഇളയ മകനെ സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദ്ദിക്കുന്നത് കണ്ട് സഹിക്ക വയ്യാതെയാണ് മൂത്ത മകൻ കുറ്റം താൻ ഏറ്റെടുക്കുന്നതായി ഉദ്യോഗസ്ഥരോട് പറഞ്ഞത്. മൂന്ന് ദിവസത്തോളം കസ്റ്റഡിയിൽ വെച്ച് കടുത്ത ശാരീരിക ഉപദ്രവമാണ് കുട്ടികൾക്ക് നേരിടേണ്ടി വന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയെയും ജ്യേഷ്ഠനെയും കോടതിയിൽ ഹാജരാക്കിയത് മൂന്ന് ദിവസത്തിന് ശേഷമാണ്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയത് തലേദിവസത്തെ ഉച്ചയ്ക്കാണെന്ന് കാണിച്ച് വ്യാജരേഖകളിൽ ഒപ്പിടീക്കാൻ പോലീസ് ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നു.

തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നടപടികൾക്ക് ശേഷം ജാമ്യത്തിൽ ഇറങ്ങിയ ഇളയ മകൻ അസ്‌ലം, ജയിലിൽ കഴിയുന്ന ജ്യേഷ്ഠനെ കണ്ടതിന് ശേഷം മാനസികമായി തകർന്നിരുന്നു. ജാമ്യം ലഭിച്ച് വീട്ടിലെത്തി രണ്ട് ദിവസത്തിന് ശേഷമാണ് അസ്‌ലമിനെ വീടിന്റെ മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താൻ ഓമനിച്ചു വളർത്തിയ വളർത്തുനായയെ പോലും ലോക്ക് ചെയ്ത ശേഷമാണ് ആത്മഹത്യ ചെയ്തത്.

അതേസമയം, ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദത്തിലായി പിന്നീട് സ്വർണാഭരണവും പണവും കബളിപ്പിച്ചെടുത്തെന്ന പരാതിയിലാണ് കേസെടുത്തതെന്നു പൊലീസ് പറഞ്ഞു. പ്രതിയായ സഹലിനെ കേസിൽ തെളിവെടുപ്പിനായി ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *