സെക്കൻഡുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് ഒരു കുഞ്ഞുജീവൻ; വീഴ്ചയിൽ താഴേക്ക് പതിച്ച കുഞ്ഞിനെ കോരിയെടുത്ത് യുവാവ്, വീഡിയോ വൈറൽ!
കെയ്റോ: അപായസാധ്യതയെക്കുറിച്ച് ചിന്തിക്കാൻ പോലും സമയം കിട്ടും മുമ്പ്, സെക്കൻഡുകളുടെ വ്യത്യാസത്തിൽ താഴേക്ക് പതിച്ച പിഞ്ചുകുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് അദ്ഭുതകരമായി ജീവൻ രക്ഷിച്ച യുവാവ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഈജിപ്തിലെ ഗിസ പ്രവിശ്യയിലെ അർദ് എൽ-ലെവ മേഖലയിലാണ് ലോകത്തെയാകെ നെഞ്ചുപിടപ്പിച്ച സംഭവവികാസങ്ങൾ അരങ്ങേറിയത്. രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് പതിച്ച നാലുവയസ്സുകാരനെയാണ് അഹമ്മദ് റഗബ് എന്ന കടയുടമയായ യുവാവ് മിന്നൽ വേഗത്തിൽ ഓടിയെത്തി നിലത്തുപതിക്കും മുമ്പ് കൈകളിൽ പിടിച്ചെടുത്തത്.
പിതാവിന്റെ കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്ന അഹമ്മദ് റഗബ്, സമീപത്തെ കെട്ടിടത്തിൽ നിന്ന് പെട്ടെന്ന് ഉയർന്ന നിലവിളിയും കരച്ചിലും കേട്ടാണ് അങ്ങോട്ട് ശ്രദ്ധിക്കുന്നത്. തുടർന്ന് മുകളിലേക്ക് നോക്കിയപ്പോഴാണ് ബാൽക്കണിയിൽ നിന്ന് ഒരു കുട്ടി താഴേക്ക് പതിക്കുന്നത് ഇയാളുടെ കണ്ണിൽപ്പെടുന്നത്. വീഴ്ചയ്ക്കിടയിൽ ബാൽക്കണിക്ക് താഴെ കെട്ടിയിരുന്ന അലക്കുപാടയിൽ (Washing line) കുട്ടി അല്പസമയം തങ്ങിനിന്നത് വീഴ്ചയുടെ വേഗത കുറയ്ക്കുകയും യുവാവിന് പ്രതികരിക്കാൻ സാവകാശം നൽകുകയും ചെയ്തു.
അപകടം തിരിച്ചറിഞ്ഞ നിമിഷത്തിൽത്തന്നെ മറ്റൊന്നും ചിന്തിക്കാതെ അഹമ്മദ് കുട്ടി പതിക്കുന്ന സ്ഥാനത്തേക്ക് ഓടിയെത്തുകയായിരുന്നു. കുട്ടി തറയിൽ ശക്തമായി ഇടിക്കുന്നതിന് തൊട്ടുമുമ്പ് ഇയാൾ ഇരു കൈകളും നീട്ടി കുട്ടിയെ സുരക്ഷിതമായി കോരിയെടുത്തു. തൊട്ടടുത്ത നിമിഷം തന്നെ കുട്ടിയുമായി ഇയാൾ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയും ചെയ്തു. സമീപത്തെ സിസിടിവി (CCTV) ക്യാമറയിൽ പതിഞ്ഞ ഈ രക്ഷാപ്രവർത്തനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ ജനശ്രദ്ധയാണ് അഹമ്മദ് റഗബിന് ലഭിക്കുന്നത്.
സംഭവത്തെക്കുറിച്ച് പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച അഹമ്മദ് റഗബ്, ആ നിമിഷത്തിൽ തന്റെ സ്വന്തം സുരക്ഷയെക്കുറിച്ചോ ഭയത്തെക്കുറിച്ചോ ചിന്തിക്കാൻ സമയം ലഭിച്ചിരുന്നില്ലെന്ന് പറഞ്ഞു. “എല്ലാം കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് സംഭവിച്ചത്. കുട്ടി അപകടത്തിലാണെന്ന് കണ്ടപ്പോൾ എന്റെ മനസ്സിൽ അവനെ രക്ഷിക്കണമെന്ന ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടിയെ സുരക്ഷിതമായി കൈകളിൽ കിട്ടി കഴിഞ്ഞപ്പോഴാണ് സംഭവിച്ച അപകടത്തിന്റെ ഗുരുതാവസ്ഥയെക്കുറിച്ച് എനിക്ക് മനസ്സിലായത്,” റഗബ് വിതുമ്പലോടെ ഓർത്തെടുത്തു. കുഞ്ഞിനെ രക്ഷിച്ച ശേഷം ഭയവും പരിഭ്രാന്തിയും കാരണം താൻ അല്പസമയം തെരുവിൽ തളർന്നിരുന്നുപോയെന്നും ഇയാൾ കൂട്ടിച്ചേർത്തു.
മക്കൾക്ക് നേരെ ഉണ്ടാകുന്ന ഇത്തരം അപകടങ്ങളിൽ മാതാപിതാക്കളുടെ ശ്രദ്ധക്കുറവിനെക്കുറിച്ച് വലിയ ചർച്ചകൾക്ക് ഈ സംഭവം വഴിതുറന്നിട്ടുണ്ട്. എങ്കിലും, കൃത്യസമയത്ത് ധീരമായ തീരുമാനമെടുത്ത് കുഞ്ഞിന്റെ ജീവൻ രക്ഷിച്ച അഹമ്മദ് റഗബിന്റെ മനസ്സാന്നിധ്യത്തെയും മിന്നൽ വേഗത്തിലുള്ള പ്രതികരണത്തെയും പ്രശംസിച്ച് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് രംഗത്തെത്തുന്നത്.



