Sat, 12 September 2026
Kerala

അട്ടപ്പാടിയിൽ രണ്ട് മൃതദേഹ ഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

Newtalks Desk

പാലക്കാട്: അട്ടപ്പാടിയിൽ ഭവാനി പുഴയിൽ  രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഒരു യുവതിയുടേയും കുഞ്ഞിന്റേയുമാണ് മൃതദേഹ ഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. പുതൂർ ചാവടിയൂർ ഭാഗത്തുനിന്ന് മൂന്ന് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

ഒരു ചാക്ക് അഴിച്ചതിൽ രണ്ട് തലഭാഗമാണുള്ളത്. ഒന്ന് ഒരു സ്ത്രീയുടേയും മറ്റൊന്ന് ഒരു കുഞ്ഞിന്റേയുമാണ് തലഭാഗങ്ങൾ. മൃതദേഹങ്ങളിലൊന്നിന് 30 വയസ്സുണ്ടെന്നാണ് പ്രാഥമികമായി വിലയിരുത്തലിൽ മനസ്സിലാക്കുന്നത്. മറ്റു ചാക്കുകെട്ടുകൾ അഴിച്ചിട്ടില്ല. പുനഃപരിശോധനകൾക്കായി മൃതദേഹഭാഗങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും.

വൈകീട്ട് മൂന്നുമണിയോടെയാണ് പുഴയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് പശുവിനെ മേയ്ക്കാനെത്തിയവർ അഴുകിയ നിലയിൽ ചാക്കുകെട്ടുകൾ കാണുകയായിരുന്നു. തുറന്നുപരിശോധിച്ചപ്പോഴാണ് മനുഷ്യശരീരഭാഗങ്ങളാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. ഉടനെ പുതൂർ പോലീസിനെ വിളിച്ച് വിവരമറിയിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. 


Leave a Reply

Your email address will not be published. Required fields are marked *