സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങരുത്, അത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും കാന്തപുരം എ.പി. അബൂബക്കർ
കൊച്ചി: സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങരുത് എന്ന് ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും സ്ത്രീകൾക്ക് അർഹമായ സ്ഥാനം ഉണ്ടാക്കിക്കൊടുത്തത് ഇസ്ലാം ആണെന്നും, അതിനാൽ സ്ത്രീകൾ വീട്ടിൽ അടങ്ങി ജീവിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച പ്രവാചക പ്രകീർത്തന സമ്മേളനത്തിലാണ് അദ്ദേഹം ആവർത്തിച്ചത്.
മുസ്ലിം സമുദായത്തോട് ഇത്തരം കാര്യങ്ങൾ പറയാനുള്ള പൂർണ അവകാശം തങ്ങൾക്കുണ്ടെന്ന് കാന്തപുരം പറഞ്ഞു. ‘പെണ്ണുങ്ങൾ അവരുടെ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം, അവർ രംഗപ്രവേശനം ചെയ്യാൻ പാടില്ല എന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. ബുദ്ധിപരമായി ആലോചിച്ചാലും അതാണ് ശരിയായ കാര്യം. അതുവഴിയാണ് രാജ്യത്തെ സ്ത്രീകൾക്ക് അവരുടെ അഭിമാനം നിലനിർത്താൻ സാധിച്ചിട്ടുള്ളത്,’ കാന്തപുരം പറഞ്ഞു.
സ്ത്രീകളുടെ പൊതുരംഗത്തെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ അടക്കമുള്ളവരിൽ നിന്നും ശക്തമായ വിമർശനങ്ങൾ ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് കാന്തപുരം തന്റെ നിലപാട് ആവർത്തിച്ചത്. ഇക്കാര്യങ്ങൾ പറയുമ്പോൾ മറ്റേതെങ്കിലും സംഘടനകൾ വന്ന് സമസ്തയ്ക്ക് ഇതിൽ എന്ത് അധികാരമാണ് ഉള്ളതെന്ന് ചോദിച്ചാൽ, മതത്തെക്കുറിച്ച് പഠിച്ചവരാണ് തങ്ങൾ എന്നതായിരിക്കും മറുപടിയെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ ഇക്കാര്യങ്ങൾ പറയൽ നിർബന്ധമാണെന്നും, ഇസ്ലാമിക വിധി പറയുന്നതിൽ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആത്മീയ നിർദേശങ്ങളെ രാഷ്ട്രീയ വിവാദമാക്കേണ്ടതില്ലെന്ന് നാഷണൽ ലീഗ്
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ആത്മീയ നിർദേശങ്ങളെ രാഷ്ട്രീയ വിവാദമാക്കേണ്ടതില്ലെന്ന് നാഷണൽ ലീഗ്. വിശ്വാസികളുടെ ആത്മീയ-മതപരമായ കാര്യങ്ങളിൽ നിർദേശം നൽകാൻ മതനേതൃത്വങ്ങൾക്ക് പൂർണ അവകാശമുണ്ടെന്ന് ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് പ്രസ്താവനയിൽ പറഞ്ഞു.
സ്വന്തം മതത്തിലെ വിശ്വാസികൾക്കും അനുയായികൾക്കുമാണ് ആത്മീയ നിർദേശങ്ങൾ നൽകിയത്. ഇതര വിഭാഗങ്ങളെ അധിക്ഷേപിക്കുകയോ അവഹേളിക്കുകയോ ചെയ്തിട്ടില്ല. ഇത്തരം വിഷയങ്ങളെ അനാവശ്യ ചർച്ചകളിലേക്ക് വഴിതിരിച്ചുവിടുന്നത് ഉചിതമല്ലെന്നും നാഷണൽ ലീഗ് വ്യക്തമാക്കി.



