ഓണാഘോഷത്തിൻ്റെ സമാപന വേദിയിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചു; പാട്ടും പാടും, ദണ്ഡയും ചുഴറ്റും; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തലസ്ഥാന നഗരിയെ ഉത്സവലഹരിയിലാഴ്ത്തിയ ഓണാഘോഷത്തിൻ്റെ സമാപന വേദിയിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചു. മുഖ്യമന്ത്രി വിഡി.സതീശൻ, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരൻ, കെ.എ. തുളസി, സി.പി. ജോൺ, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ എന്നിവരടക്കമുള്ള പ്രമുഖർ വ്യക്തികൾ സമാപന സമ്മേളന വേദിയിൽ സന്നിഹിതരായിരുന്നു.
വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കാതിരിക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ പൊതുവായ നിലപാടെങ്കിലും, ഭരണഘടനാ പദവിയിലുള്ള ഉപരാഷ്ട്രപതി നേരിട്ട് പങ്കെടുക്കുന്ന സർക്കാർ പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘിക്കാൻ കഴിയില്ലെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കിയിരുന്നു. പാർലമെന്റ് പാസാക്കിയ ചട്ടങ്ങൾ പ്രകാരം ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ ഇത് നിർബന്ധമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.
നേരത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ഒഴിവാക്കിയത് സംബന്ധിച്ച് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഉപരാഷ്ട്രപതിയുടെ സാന്നിധ്യം മുൻനിർത്തിയാണ് ഓണം സമാപന ചടങ്ങിൽ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കിയതെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അനന്തപുരിയിൽ വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് ഇത്തവണത്തെ വിപുലമായ ഓണം വാരാഘോഷത്തിന് കൊടിയിറങ്ങിയത്.
വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിൽ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് മുൻ മന്ത്രി വി ശിവന്‍കുട്ടി. പ്രോട്ടോക്കോള്‍ പറഞ്ഞിട്ടാണെന്ന് പറഞ്ഞാല്‍ സര്‍ക്കാര്‍ ‘പാട്ടും പാടും, ദണ്ഡയും ചുഴറ്റും, ഷൂ പോളീഷും ചെയ്യും’ എന്നാണ് വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ച് പറയുന്നത്. ഓണം വാരാഘോഷത്തിന്റെ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ച നടപടിയിലാണ് ശിവന്‍കുട്ടിയുടെ പരിഹാസം.
വന്ദേര മാതരം ചരിത്രം ഇങ്ങനെ
ഇന്ത്യയുടെ ദേശീയ ഗാനം എന്ന പദവി രവീന്ദ്രനാഥ ടഗോർ രചിച് ‘ജനഗണമന’യ്ക്ക് അവകാശപ്പെട്ടതാണെങ്കിൽ ദേശീയ ഗീതം (National Song) എന്ന ബഹുമതി ബംഗാളി എഴുത്തുകാരൻ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ ‘വന്ദേമാതര’ത്തിന്റെ പേരിലാണ്. ഇന്ത്യൻ സ്വാതന്ത്യ്രസമരത്തിൽ ജനവികാരം ആളിക്കത്തിച്ച ഗീതം എന്ന പ്രത്യേകത വന്ദേമാതരത്തിന് ഉണ്ട്. മാതൃരാജ്യം (Mother Land) എന്ന സങ്കൽപം ആദ്യമായി ഇന്ത്യയ്ക്കു ചാർത്തിക്കൊടുത്തതും ‘വന്ദേമാതരം’ ആണ്. ബ്രിട്ടിഷ് ഭരണകാലത്തു ബ്രിട്ടന്റെ ദേശീയഗാനമായ ‘ഗോഡ് സേവ് ദ് ക്വീൻ’ ഇന്ത്യയിലും നിർബന്ധമാക്കാൻ ശ്രമം നടന്നിരുന്നു. ആ ശ്രമങ്ങളെ തടഞ്ഞതു വന്ദേമാതരവും ജനഗണമനയും നേടിയ ജനപ്രീതിയാണ് എന്നു പറയാം.
ഇന്ത്യ പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെടുന്നതിനു രണ്ടു ദിവസം മുൻപ്, 1950 ജനുവരി 24നാണ് ‘ജനഗണമന…’ ദേശീയ ഗാനമായി അംഗീകരിച്ചത്. അന്നു നടന്ന ഭരണഘടനാ നിർമാണസഭയുടെ യോഗത്തിൽ ദേശീയ ഗാനമായി തിരഞ്ഞെടുക്കപ്പെടാനുള്ള ചർച്ചയിൽ ഈ പദവിയിലേക്കു വന്ദേമാതരം കൂടി പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ വാഗ്വാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ‘ജനഗണമന’ ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയും ആവശ്യം ഇതുതന്നെയായിരുന്നു. ആ പ്രഖ്യാപനം നടത്തിയതാവട്ടെ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി അധ്യക്ഷൻ ഡോ.രാജേന്ദ്രപ്രസാദും. ദേശീയഗാനമായി തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും സ്വാതന്ത്ര്യസമരത്തിൽ വഹിച്ച പങ്ക് കണക്കിലെടുത്ത് ‘വന്ദേമാതര’വും തുല്യ പ്രാധാന്യത്തോടെ ആദരിക്കപ്പെടുമെന്ന് അദ്ദേഹം അന്ന് പ്രഖ്യാപിച്ചു.



