Sat, 12 September 2026
Kerala

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

Newtalks Desk

ന്യൂമോണിയ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശി സ്വാലിഹ് വളാഞ്ചേരി (പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ) നിര്യാതനായി. രാവിലെ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് സ്വാലിഹ് തന്നെ നേരിട്ട് വളാഞ്ചേരിയിലെ പ്രാദേശിക ആശുപത്രിയിൽ ചികിത്സ തേടിയതായിരുന്നു. എന്നാൽ ഉച്ചയോടെ ആരോഗ്യാവസ്ഥ കൂടുതൽ മോശമാവുകയും ന്യൂമോണിയ സംബന്ധമായ അസുഖം ഗുരുതരമാവുകയും ചെയ്തതോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റുകയായിരുന്നു. വൈകുന്നേരത്തോടെയാണ് അന്ത്യം സംഭവിച്ചത്.

വ്ലോഗുകളിലൂടെയും വ്യത്യസ്തമായ വീഡിയോകളിലൂടെയും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്ന സ്വാലിഹിന് വലിയൊരു പ്രേക്ഷക പിന്തുണയും സൗഹൃദവലയവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് സഹപ്രവർത്തകരും ആരാധകരും. മരണവാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തുന്നത്. പരേതന്റെ ഖബറടക്കം ഇന്ന് രാത്രി എട്ടു മണിക്ക് കരേക്കാട് സി.കെ പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

യാത്രാ വിവരണം (ട്രാവൽ വ്ലോഗ്), ഫുഡ് വ്ലോഗിങ്, ലൈഫ് സ്റ്റൈൽ വീഡിയോകൾ, ഷോപ്പിങ് അനുഭവങ്ങൾ എന്നിവയിലൂടെ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ വ്യക്തിയായിരുന്നു സ്വാലിഹ്. തനതായ അവതരണ ശൈലിയും ലളിതമായ പെരുമാറ്റവും കൊണ്ട് സോഷ്യൽ മീഡിയ ലോകത്ത് ചുരുങ്ങിയ കാലം കൊണ്ടാണ് അദ്ദേഹം ശ്രദ്ധേയനായത്. തനിക്ക് ചുറ്റുമുള്ള സൗഹൃദങ്ങളെയും കുടുംബ വിശേഷങ്ങളെയും എപ്പോഴും വീഡിയോകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്ന സ്വാലിഹിന് വലിയൊരു പ്രേക്ഷക പിന്തുണയും വലിയൊരു സൗഹൃദവലയവുമുണ്ടായിരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങൾ സ്വാലിഹിനെ കുറിച്ച് ഫേയ്‌സ് ബുക്കിൽ പങ്കുവച്ച പോസ്റ്റ്

പ്രിയപ്പെട്ട സ്വാലിഹ് വളാഞ്ചേരി വിടവാങ്ങി…

ഇന്ന് രാവിലെയും അദ്ദേഹം ഫോണിൽ ബന്ധപ്പെട്ടിരുന്നു. ശ്വാസംമുട്ടലിന്റെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും വല്ലാതെ പ്രയാസപ്പെടുന്നുണ്ടെന്നും വേദനയോടെയാണ് സ്വാലിഹ് പറഞ്ഞത്. മണിക്കൂറുകൾക്കിപ്പുറം അദ്ദേഹത്തിന്റെ വിയോഗവാർത്ത കേൾക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയില്ല.

എപ്പോഴും എന്നെ വിളിക്കുകയും, വീട്ടിലെത്തി സൗഹൃദം പുതുക്കുകയും ചെയ്തിരുന്ന പ്രിയപ്പെട്ട സുഹൃത്തായിരുന്നു സ്വാലിഹ്. ശാരീരിക ബുദ്ധിമുട്ടുകൾ ഏറെയുണ്ടായിരുന്നപ്പോഴും അതൊന്നും കാര്യമാക്കാതെ കൃത്യമായ നിസ്‌കാരത്തിനും ഖുർആൻ പാരായണത്തിനും സമയം കണ്ടെത്തിയിരുന്ന, നന്മകളെ ജീവിതത്തിന്റെ ഭാഗമാക്കിയ പ്രിയപ്പെട്ടവൻ.

ആരെയും ബുദ്ധിമുട്ടിക്കാതെ, ആരോടും പരിഭവമില്ലാതെ സ്വാലിഹ് യാത്രയായി.

നാഥൻ അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാക്കട്ടെ. കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ വിയോഗം താങ്ങാനുള്ള ക്ഷമയും സമാധാനവും പ്രദാനം ചെയ്യട്ടെ.


Leave a Reply

Your email address will not be published. Required fields are marked *