Sat, 12 September 2026
IndiaTechnology

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വിവിധ പദ്ധതികളുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വ്യാജ പ്രചാരണങ്ങള്‍ സജീവമായതായി റിപ്പോർട്ട്, ആധാർ കാർഡിൻ്റെ പേരിലാണ് പുതിയ തട്ടിപ്പ്

Newtalks Desk

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വിവിധ പദ്ധതികളുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വ്യാജ പ്രചാരണങ്ങള്‍ സജീവമായതായി കേന്ദ്ര സർക്കാർ.

കേന്ദ്രസർക്കാരിന്‍റെ ‘പ്രധാനമന്ത്രി ലോണ്‍ യോജനയ്ക്ക്’ കീഴില്‍ ആളുകള്‍ക്ക് ആധാർ കാർഡ് കാണിച്ച്‌ യാതൊരു തടസ്സവുമില്ലാതെ മൂന്ന് ലക്ഷം രൂപ വരെ വായ്പ ലഭിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഏറ്റവുമൊടുവില്‍ പ്രചരിക്കുന്നത്.  വ്യാപകമായി നിഷ്കളങ്കമായ മനുഷ്യരെ പറ്റിക്കുന്ന രീതിയിലാണ് പ്രചാരണം. കുറഞ്ഞ പലിശനിരക്കിലാണ് വായ്പയെന്നും, ലഭിക്കുന്ന തുകയുടെ പകുതി സർക്കാർ എഴുതിത്തള്ളുമെന്നൊക്കെയുള്ള വ്യാജ വാഗ്ദാനങ്ങളാണ് പ്രചരിപിക്കുന്നത്. പുതിയ പദ്ധതിയെന്ന രീതിയിൽ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന രീതിയിൽ തട്ടിപ്പുകാർ ഭയാശങ്ക കൂടാതെ അടിച്ചുവിടുകയാണ്.

ഇപ്പോഴിതാ, വ്യാജ വാർത്തകളുടെ യഥാർഥ വസ്തുത ഔദ്യോഗികമായി കേന്ദ്രസർക്കാർ  പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്‍റെ ഫാക്‌ട് ചെക്ക് ഏജൻസിയായ പിഐബി, സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ സന്ദേശങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും നിലവില്‍ കേന്ദ്ര സർക്കാരോ പ്രധാനമന്ത്രിയോ ഇത്തരത്തിലുള്ള യാതൊരുവിധ വായ്പാ പദ്ധതിയും നടപ്പാക്കുന്നില്ലെന്നും  പിഐബി റിപ്പോർട്ട് ചെയ്തു.

ആകർഷകമായ വാഗ്ദാനങ്ങളുമായി എത്തുന്ന ഇത്തരം വ്യാജ സന്ദേശങ്ങളെ കുറിച്ച്‌ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നല്‍കുന്നു. പ്രധാനമന്ത്രി ലോണ്‍ യോജനയുടെ പേരില്‍ ആധാർ കാർഡ് കാണിച്ച്‌ മൂന്ന് ലക്ഷം രൂപ വായ്പ നല്‍കുമെന്ന തരത്തിലുള്ള അവകാശവാദങ്ങള്‍ തികച്ചും വ്യാജമാണെന്നും വ്യക്തിഗത വിവരങ്ങള്‍ ചോർത്താനും സാമ്പത്തിക തട്ടിപ്പുകള്‍ നടത്താനുമാണ് ഇത്തരം വ്യാജ ക്യാമ്പയിനുകള്‍ ലക്ഷ്യമിടുന്നതെന്നും പിഐബി വ്യക്തമാക്കി.

വായ്പകളോ സർക്കാരിന്‍റെ വിവിധ ജനക്ഷേമ പദ്ധതികളോ സംബന്ധിച്ച്‌ തെറ്റായ സന്ദേശങ്ങളോ വ്യാജ ലിങ്കുകളോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയോ മറ്റുള്ളവർക്ക് അയച്ചുകൊടുക്കുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഏതൊരു ഔദ്യോഗിക പദ്ധതിയെ കുറിച്ചും അറിയാൻ സർക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കുക, അജ്ഞാതമായ നമ്പറുകളില്‍ നിന്നുള്ള കോളുകളോ വാഗ്ദാനങ്ങളോ വിശ്വസിച്ച്‌ ആധാർ കാർഡ് നമ്പറോ മറ്റ് ബാങ്ക് വിവരങ്ങളോ ആർക്കും കൈമാറരുതെന്നും അധികൃതർ കർശനമായി പറയുന്നു.


Leave a Reply

Your email address will not be published. Required fields are marked *