കലമുടക്കലിൽ വൻ അമളി: എൽഡിഎഫ് മെമ്പറുടെ തലയ്ക്ക് യുഡിഎഫ് മെമ്പറുടെ വടിയടി; കണ്ണുകെട്ടിയത് ബിജെപി മെമ്പറും!
ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സര പരിപാടിയിൽ കലംതല്ലിപ്പൊട്ടിക്കലിനിടെ തലയ്ക്ക് അടിയേറ്റ് എല്‍ഡിഎഫ് മെമ്പർക്ക് പരുക്ക്.
കാസർകോട് വോർക്കാടി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലായിരുന്നു മെമ്പർക്ക് പരുക്ക് പറ്റിയത്. ബിജെപിയും യുഡിഎഫും എല്‍ഡിഎഫും സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്.
കണ്ണുകെട്ടിയുള്ള കലമുടക്കൽ മത്സരത്തിനിടെ യുഡിഎഫ് വനിതാ മെമ്പർക്ക് പറ്റിയ അമളി എൽഡിഎഫ് മെമ്പർക്ക് വൻ അപകടമുണ്ടാക്കി. കണ്ണുകെട്ടി ദിശ തെറ്റിവന്ന യുഡിഎഫ് മെമ്പർ മുന്നിൽ നിന്ന എൽഡിഎഫ് മെമ്പറുടെ തല കുടമാണെന്ന് തെറ്റിദ്ധരിച്ച് കയ്യിലുണ്ടായിരുന്ന വടി കൊണ്ട് ശക്തമായി അടിക്കുകയായിരുന്നു. കലം പൊട്ടുന്നത് കാണാനുള്ള ആവേശത്തിൽ ആർപ്പുവിളിച്ചു നിൽക്കുകയായിരുന്നതിനാൽ എൽഡിഎഫ് മെമ്പർ അടി വരുന്നത് കണ്ടതുമില്ല. അപകടത്തിൽപ്പെട്ട മെമ്പറുടെ പരുക്ക് ഗുരുതരമാണോ എന്നതിനെക്കുറിച്ചോ മറ്റ് വിശദാംശങ്ങളെക്കുറിച്ചോ നിലവിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്. ഇതിനിടയിൽ രസകരമായ മറ്റൊരു വസ്തുത കൂടിയുണ്ട്; മത്സരത്തിൽ യുഡിഎഫ് മെമ്പറുടെ കണ്ണുകൾ കെട്ടിക്കൊടുത്തത് ബിജെപി മെമ്പറായിരുന്നു എന്നതാണ് അത്.



