‘ഹിജാബ് ഇസ്ലാമിന് അനിവാര്യമല്ല’; യൂണിഫോമിനൊപ്പം അനുവദിക്കാനാവില്ല; വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി
പ്രയാഗ്രാജ് (ഉത്തർപ്രദേശ്): സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് (തലപ്പാവ്) ധരിക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം വിദ്യാർത്ഥിനി സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഇസ്ലാം മതവിശ്വാസപ്രകാരം ഹിജാബ് ധരിക്കുന്നത് ഒഴിവാക്കാനാകാത്ത മതപരമായ ആചാരമോ നിർബന്ധിത നിഷ്ഠയോ (Essential Religious Practice) ആണെന്ന് തെളിയിക്കാൻ ഹർജിക്കാരിക്ക് സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിധി. ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് ഇന്ദ്രജീത് ശുക്ല എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസിൽ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തർപ്രദേശിലെ പ്രയാഗ്രാജിലുള്ള ടാഗോർ പബ്ലിക് സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി സുകൈന റിസ്വിയാണ് മാതാവ് വഴി ഹൈക്കോടതിയെ സമീപിച്ചത്. ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഇതേ സ്കൂളിൽ താൻ യൂണിഫോമിനൊപ്പം തലപ്പാവ് ധരിച്ചാണ് പഠിച്ചതെന്നും, എന്നാൽ പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനം നേടാൻ ശ്രമിച്ചപ്പോൾ സ്കൂൾ മാനേജ്മെന്റ് അതിന് തടസ്സം നിൽക്കുകയാണെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ഭരണഘടനയുടെ അനുച്ഛേദം 25 വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉന്നയിച്ചായിരുന്നു ഹർജി നൽകിയത്.
എന്നാൽ, കേവലം വാക്കാലുള്ള അവകാശവാദത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഭരണഘടനാപരമായ പരിരക്ഷ നൽകാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഹിജാബ് ധരിച്ചില്ലെങ്കിൽ ഒരാളുടെ മതവിശ്വാസത്തിന്റെ അടിസ്ഥാന സ്വഭാവം നഷ്ടപ്പെടുമെന്നോ ഇസ്ലാം മതത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്നോ തെളിയിക്കുന്ന വ്യക്തമായ പ്രമാണങ്ങളോ രേഖകളോ കോടതിക്ക് മുന്നിൽ സമർപ്പിക്കാൻ ഹർജിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. കൂടാതെ, ഇതേ സ്കൂളിലെ മറ്റു മുസ്ലിം പെൺകുട്ടികളാരും തന്നെ ഹിജാബ് ധരിക്കുന്നില്ലെന്ന് ഹാജരാക്കിയ ഗ്രൂപ്പ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൊതുവായ അച്ചടക്കവും തുല്യതയും സ്ഥാപനപരമായ വ്യക്തിത്വവും നിലനിർത്തുന്നതിനാണ് നിർദ്ദിഷ്ട വസ്ത്രധാരണ രീതി (യൂണിഫോം) നടപ്പിലാക്കുന്നത്. വിവേചനരഹിതമായി നടപ്പിലാക്കുന്ന യൂണിഫോം നയത്തിൽ വ്യക്തിപരമായ താത്പര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താൻ വിദ്യാർത്ഥികൾക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ താഴ്ന്ന ക്ലാസുകളിൽ സ്കൂൾ മാനേജ്മെന്റ് ഇതിനെ എതിർത്തിരുന്നില്ല എന്നത് ഭാവിയിലും അത് തുടരാനുള്ള നിയമപരമായ അവകാശമായി മാറുന്നില്ലെന്നും, അച്ചടക്ക നടപടിയുടെ ഭാഗമായി ഡ്രസ് കോഡ് കർശനമാക്കാൻ മാനേജ്മെന്റിന് അധികാരമുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.
ഇതിനുമുൻപും സമാന വിഷയങ്ങളിൽ വിവിധ ഹൈക്കോടതികൾ ഹിജാബ് ഇസ്ലാമിൽ നിർബന്ധിത ആചാരമല്ലെന്ന് വിധിച്ചിട്ടുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. 2022-ലെ കർണാടക ഹൈക്കോടതിയുടെ പ്രശസ്തമായ വിധിന്യായത്തിൽ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിക്കാൻ തക്ക സാഹചര്യങ്ങൾ നിലവിലില്ലെന്ന് വ്യക്തമാക്കിയ അലഹബാദ് ഹൈക്കോടതി, സ്കൂളിന് അവരുടെ നിർദ്ദിഷ്ട യൂണിഫോം നയം നടപ്പിലാക്കാമെന്ന് ഉത്തരവിട്ടു ഹർജി തള്ളുകയായിരുന്നു.



