പിഎം ശ്രീയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാം; രാജ്യസഭയില്‍ മറുപടി നല്കി കേന്ദ്രം
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ മാതൃകാ സ്കൂൾ വികസന പദ്ധതിയായ ‘പിഎം ശ്രീ’ (PM SHRI – PM Schools for Rising India) കൈക്കൊള്ളുന്നതിൽ വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങൾക്ക് വൻ തിരിച്ചടിയുണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം രാജ്യസഭയെ അറിയിച്ചു. പദ്ധതിയ്ക്കായി കേന്ദ്രവുമായി ധാരണാപത്രത്തിൽ (MoU) ഒപ്പുവെക്കാതിരിക്കുകയോ, കരാറിൽ ഒപ്പുവെച്ച ശേഷം പദ്ധതിയുടെ തുടർന്നുള്ള നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് സ്കൂൾ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള കേന്ദ്ര ഫണ്ടും പ്രത്യേക സാമ്പത്തിക സഹായങ്ങളും പൂർണ്ണമായും നഷ്ടമാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി വ്യക്തമാക്കി.
രാജ്യസഭയിൽ എം.പി അബ്ദുൾ വഹാബ് ഉന്നയിച്ച ചോദ്യങ്ങൾക്ക് നൽകിയ ഔദ്യോഗിക മറുപടിയിലാണ് കേന്ദ്ര സർക്കാർ കേരളത്തിന്റെ നിലവിലെ അവസ്ഥ ചൂണ്ടിക്കാണിച്ചത്. 2025 ഒക്ടോബറിൽ കേരള സർക്കാർ പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകാനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും, അതിനുശേഷം സ്കൂളുകളെ തിരഞ്ഞെടുക്കാൻ നടത്തുന്ന ‘ചലഞ്ച് മോഡ്’ മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറായിട്ടില്ല. ഇതിന്റെ ഫലമായി പദ്ധതിയിൽ ഉൾപ്പെട്ട ഒരു സംസ്ഥാന സർക്കാർ സ്കൂളും നിലവിൽ കേരളത്തിലില്ല. നിലവിൽ കേരളത്തിൽ പ്രവർത്തിക്കുന്ന 47 പിഎം ശ്രീ സ്കൂളുകളും കേന്ദ്ര സർക്കാരിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും മാത്രമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
സ്കൂളുകൾ തിരഞ്ഞെടുക്കാത്ത പശ്ചാത്തലത്തിൽ, പിഎം ശ്രീ പദ്ധതിക്കായി നീക്കിവെച്ച പ്രത്യേക ഫണ്ടുകളൊന്നും കേരളത്തിന് കേന്ദ്രം കൈമാറിയിട്ടില്ല. എന്നാൽ വിദ്യാലയങ്ങളുടെയും വിദ്യാർത്ഥികളുടെയും താല്പര്യം മാത്രം മുൻനിർത്തി, സമഗ്ര ശിക്ഷ (SSK) പദ്ധതി വഴിയുള്ള സൗജന്യ നിർബന്ധിത വിദ്യാഭ്യാസ അവകാശ (RTE) നിയമപ്രകാരമുള്ള വിഹിതമായ 99.27 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. കേരളത്തിനൊപ്പം തമിഴ്നാടും പശ്ചിമ ബംഗാളുമാണ് പദ്ധതി പൂർണ്ണമായി നടപ്പിലാക്കാതെ സമാന പ്രതിസന്ധി നേരിടുന്ന മറ്റ് സംസ്ഥാനങ്ങൾ.
ദേശീയ വിദ്യാഭ്യാസ നയം (NEP 2020) വിഭാവനം ചെയ്യുന്ന 5+3+3+4 എന്ന പുതിയ പാഠ്യപദ്ധതി രീതിയിലാണ് പിഎം ശ്രീ സ്കൂളുകൾ പ്രവർത്തിക്കുക. എന്നാൽ പാഠ്യപദ്ധതി നടപ്പിലാക്കുമ്പോൾ പ്രാദേശികമായ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താൻ സംസ്ഥാനങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. 2022-23 മുതൽ 2026-27 വരെയുള്ള കാലയളവിൽ രാജ്യത്തുടനീളം 14,500-ലധികം പൊതുവിദ്യാലയങ്ങളെ ആധുനിക ലാബുകൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, പരിസ്ഥിതി സൗഹൃദ അന്തരീക്ഷം എന്നിവയോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനാണ് കേന്ദ്ര സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.



