Thu, 30 July 2026
IndiaLifestyle

കറന്റില്ല, ഇൻ്റർനെറ്റുമില്ല; പച്ചക്കറി വിൽപ്പനക്കാരന്റെ മകൻ നീറ്റിൽ 610 മാർക്കോടെ ഉന്നത വിജയത്തിലേക്ക്; പ്രതിസന്ധികളെ തോൽപ്പിച്ചൊരു അസം വീരഗാഥ

Newtalks Desk

ഗുവാഹത്തി: വീടുകളിൽ വൈദ്യുതിയോ ഫോൺ സിഗ്നലോ ഇല്ലാത്ത, അസമിന്റെ അതിർത്തി ഗ്രാമത്തിൽ നിന്ന് പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നീറ്റ് (NEET) പരീക്ഷയിൽ ഉന്നതവിജയം നേടി 18-കാരൻ. അരുണാചൽ പ്രദേശ് അതിർത്തിക്കടുത്തുള്ള തിൻസുകിയ ജില്ലയിലെ നോ.2 നകോങ് പതാർ എന്ന കൊച്ചുഗ്രാമത്തിൽ നിന്നുള്ള ബിഷു ലിംബുവാണ് അഖിലേന്ത്യാ തലത്തിൽ 7,320-ാം റാങ്കോടെ 610 മാർക്ക് നേടി മെഡിക്കൽ പ്രവേശനത്തിന് യോഗ്യത നേടിയത്. ഗ്രാമത്തിന്റെ അതിരുകൾക്കപ്പുറമുള്ള ഡോക്ടർ എന്ന വലിയ സ്വപ്നം കൈയെത്തിപ്പിടിച്ച ബിഷുവിന്റെ വിജയം നാടിനാകെ വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

​കടുത്ത സാമ്പത്തിക ബാധ്യതകളും ഭൗതിക സാഹചര്യങ്ങളുടെ അഭാവവുമാണ് ബിഷുവിന്റെ പഠനവഴിയിൽ വില്ലനായത്. അര ബിഗ്ഗയിൽ താഴെ മാത്രം കൃഷിഭൂമിയുള്ള അച്ഛൻ ഫൗഡേ ലിംബു പ്രാദേശിക മാർക്കറ്റുകളിൽ പച്ചക്കറി വിറ്റാണ് കുടുംബം പുലർത്തുന്നത്. അമ്മ ഓം കുമാരി ലിംബു നെൽപ്പാടങ്ങളിലും സമീപത്തെ തോട്ടങ്ങളിലും ദിവസവേതനത്തിന് ജോലി ചെയ്യുന്നു. ഇലകൾ മേഞ്ഞ ചോർന്നൊലിക്കുന്ന ചെറിയൊരു വീട്ടിലാണ് ഇവർ കഴിയുന്നത്. കറന്റ് ബിൽ കൃത്യമായി അടയ്ക്കാൻ പണമില്ലാത്തതിനാൽ വീട്ടിൽ വൈദ്യുതി കണക്ഷൻ പോലുമില്ല. ഇന്റർനെറ്റ് ലഭ്യത കുറവായതിനാൽ, പഠന സാമഗ്രികൾ ഡൗൺലോഡ് ചെയ്യുന്നതിനായി കിലോമീറ്ററുകൾ നടന്ന് റോഡരികിൽ നിന്നാണ് ബിഷു മൊബൈൽ നെറ്റ്‌വർക്ക് ഉപയോഗിച്ചിരുന്നത്.

​പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഡിഗ്ബോയിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നൽകിയ സ്കോളർഷിപ്പാണ് ബിഷുവിന്റെ പഠനത്തിന് വലിയൊരു തണലായത്. തുടർന്ന് ആർ.ഡി സീനിയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കോളർഷിപ്പ് ലഭിച്ചെങ്കിലും ഡിഗ്ബോയിയിൽ വാടകയ്ക്ക് താമസിച്ച് പഠിക്കാനുള്ള ചെലവുകൾക്കും ഭക്ഷണത്തിനുമായി ബന്ധുക്കളുടെ സാമ്പത്തിക സഹായത്തെയാണ് ബിഷു ആശ്രയിച്ചിരുന്നത്. വീടുകളിലെ ദാരിദ്ര്യവും പ്രതിസന്ധികളും തരണം ചെയ്താണ് താൻ ഈ ഘട്ടം വരെയെത്തിയതെന്ന് ബിഷു വ്യക്തമാക്കുന്നു.

പരീക്ഷയുടെ വലിപ്പമോ പ്രാധാന്യമോ ബിഷുവിന്റെ മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. ഫലം വന്നപ്പോൾ മാത്രമാണ് മകൻ കൈവരിച്ച നേട്ടത്തിന്റെ മൂല്യം അവർ മനസ്സിലാക്കിയത്. എയിംസ് (AIIMS) ഗുവാഹത്തി, ഗൗഹാത്തി മെഡിക്കൽ കോളേജ് അല്ലെങ്കിൽ അസം മെഡിക്കൽ കോളേജ് എന്നിവയിലൊന്നിൽ പ്രവേശനം നേടാനാണ് ബിഷു ആഗ്രഹിക്കുന്നത്. എയിംസ് ഗുവാഹത്തിയിൽ സീറ്റ് ലഭിക്കുമെന്നാണ് ബിഷുവിന്റെ പ്രതീക്ഷ. മകന്റെ നേട്ടത്തിൽ മാതാപിതാക്കൾ സന്തോഷവതികളാണെങ്കിലും, ഇനി മെഡിക്കൽ പഠനത്തിനുള്ള വലിയ തുക എങ്ങനെ കണ്ടെത്തുുമെന്ന ആശങ്കയിലാണ് ഈ പാവപ്പെട്ട കുടുംബം. ദാരിദ്ര്യവും വിഭവങ്ങളുടെ അഭാവവും ലക്ഷ്യബോധത്തിന് മുന്നിൽ തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ 18-കാരൻ.


Leave a Reply

Your email address will not be published. Required fields are marked *