ക്യാമ്പസ് റാഗിങ്ങിന് വിട: കടുപ്പിച്ച് സർക്കാർ; സഹായത്തിന് ‘സിദ്ധാർത്ഥൻ’ ആപ്പും പുതിയ നിയമവും!
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങും അക്രമങ്ങളും തടയുന്നതിനായി വിപ്ലവകരമായ നടപടികളുമായി കേരള സർക്കാർ. പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി മരണപ്പെട്ട കർഷക കുടുംബത്തിലെ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥന്റെ സ്മരണാർത്ഥം പുതിയ നിയമ നിർമ്മാണത്തിനും ഡിജിറ്റൽ സംവിധാനങ്ങൾക്കും സംസ്ഥാന സർക്കാർ തുടക്കമിടുന്നു. ക്യാമ്പസ് അക്രമങ്ങൾ പൂർണ്ണമായും ഉന്മൂലനം ചെയ്യാനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുമായി ‘സിദ്ധാർത്ഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട്’ നടപ്പിലാക്കുമെന്നും ‘സിദ്ധാർത്ഥൻ സ്റ്റുഡന്റ് ഡിസ്ട്രസ്സ് ആപ്പ്’ പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്, മാനസികാവശതകൾ, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവ നേരിടുന്ന വിദ്യാർത്ഥികൾക്ക് വേഗത്തിൽ പരാതി നൽകാനും സഹായം തേടാനും സഹായിക്കുന്ന രീതിയിലാണ് ഡിജിറ്റൽ ആപ്പ് രൂപകൽപ്പന ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് ത തത്സമയം അധികൃതരുമായി ബന്ധപ്പെടാനും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഈ മൊബൈൽ ആപ്ലിക്കേഷൻ വഴി സാധിക്കും. നിലവിലുള്ള റാഗിങ് നിരോധന നിയമങ്ങളെ കൂടുതൽ കർശനമാക്കിക്കൊണ്ടാണ് പുതിയ ആന്റി റാഗിങ് ആക്ട് കൊണ്ടുവരുന്നത്. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ക്രിമിനൽ നടപടികളും അക്കാദമിക് വിലക്കുകളും ഉറപ്പാക്കുന്ന വ്യവസ്ഥകൾ ഇതിലുണ്ടാകും.
വയനാട് പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്ങിനും പീഡനങ്ങൾക്കും ഇരയായി സിദ്ധാർത്ഥൻ മരണപ്പെട്ട സംഭവം സംസ്ഥാനത്ത് വലിയ ജനരോഷത്തിനും രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കും വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് ക്യാമ്പസുകളിലെ സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മകൾ പരിഹരിക്കണമെന്ന ആവശ്യവും ശക്തമായി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ ആശങ്കകൾ അകറ്റാൻ സർക്കാർ പുതിയ പദ്ധതിയെന്ന നിലയിൽ ഈ നീക്കം നടത്തിയത്.
റാഗിങ് നിരോധനത്തിന് പുറമെ കോളേജുകളിൽ വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കുന്നതിനായി ഓംബുഡ്‌സ്മാൻ സംവിധാനവും അമിതമായ രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കാൻ അക്കാദമിക് കൗൺസിലുകളും രൂപീകരിക്കും. ക്യാമ്പസുകൾ കുട്ടികൾക്ക് പൂർണ്ണ സുരക്ഷിതത്വവും മികച്ച പഠനാന്തരീക്ഷവും നൽകുന്ന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം ദാരുണ സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ ഈ നിയമ നിർമ്മാണം സഹായകരമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.



