ബിജെപി ഓഫീസിൽ 25 കോടിയുടെ കള്ളപ്പണമെത്തി; 17 ചാക്കുകളിൽ, ആരോപണം നിഷേധിച്ച് ബിജെപി
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെ ബിജെപി ജില്ലാ ഓഫീസിലേക്ക് 25 കോടി രൂപയുടെ കള്ളപ്പണം എത്തിച്ചതായി മുൻ ഓഫീസ് സെക്രട്ടറി പി. അക്ഷയ്യുടെ ഗുരുതര വെളിപ്പെടുത്തൽ. ആകെ 17 ചാക്കുകളിലായാണ് പണം ഓഫീസിലേക്ക് എത്തിച്ചതെന്നും, തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിൽ മാത്രം ഒരു കോടി രൂപ കൊണ്ടുവന്നെന്നും അക്ഷയ് മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഔദ്യോഗിക ഫണ്ടിന് പുറമെയാണ് ഈ പണം ഓഫീസിലെത്തിച്ചത്. ബിജെപി സംഘടനാ സെക്രട്ടറിയുടെ മുറിയിൽ വെച്ചാണ് ഈ തുക നേതാക്കൾ പലർക്കും വിതരണം ചെയ്തത്. സംഘടന സെക്രട്ടറി, അദ്ദേഹത്തിന്റെ ഡ്രൈവർ രാജേഷ്, മുരളി എന്നിവർ ചേർന്നാണ് പണമിടപാടുകൾ കൈകാര്യം ചെയ്തതെന്നും, ഇതിനായി ഒരു വീട് വാടകയ്ക്കെടുത്തിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.
ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തൃശൂർ സിറ്റി പ്രസിഡന്റിനോട് പരാതിപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് തന്നെ പദവിയിൽ നിന്ന് പുറത്താക്കിയത്. സാമ്പത്തിക വിവരങ്ങൾ അറിഞ്ഞ തന്റെ ജീവന് ഭീഷണിയുണ്ടെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ ബിജെപി നേതാക്കളായിരിക്കുമെന്നും അക്ഷയ് വ്യക്തമാക്കി.
അതേസമയം, അക്ഷയ്യുടെ ആരോപണങ്ങൾ ബിജെപി തൃശൂർ ജില്ലാ നേതൃത്വം പൂർണ്ണമായും തള്ളി. സ്വഭാവദൂഷ്യത്തിന്റെ പേരിൽ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് അക്ഷയെന്നും പ്രതികാരബുദ്ധിയോടെയാണ് ഇയാൾ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും നേതൃത്വം വിശദീകരിച്ചു. വിവാദമായ കൊടകര കുഴൽപ്പണക്കേസിന് പിന്നാലെ ഉയർന്ന പുതിയ വെളിപ്പെടുത്തൽ സംസ്ഥാന ബിജെപി നേതൃത്വത്തെ വീണ്ടും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.



